റിയാദ് - പ്രശസ്ത കുവൈത്തി നടി മുന ശദ്ദാദിന് സൗദിയിൽ വിലക്കേർപ്പെടുത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. സൗദിയിലെ ഇവരുടെ പരിപാടികൾ വിലക്കിയിട്ടുണ്ട്. കൂടാതെ സൗദി ചാനലുകളിൽ ഇവർ പ്രത്യക്ഷപ്പെടുന്നതും റേഡിയോ നിലയങ്ങളിൽ ഇവർ പങ്കെടുക്കുന്ന പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതും വിലക്കിയിട്ടുമുണ്ട്. മേഖലയിൽ ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഖത്തർ ഭരണകൂടത്തെ പിന്തുണക്കുന്നതായി വീഡിയോ ക്ലിപ്പിംഗിലൂടെ പരസ്യപ്പെടുത്തിയതാണ് മുന ശദ്ദാദിന് സൗദിയിൽ വിലക്കേർപ്പെടുത്തുന്നതിന് കാരണം. ഖത്തർ ഭരണകൂടത്തെ മുന ശദ്ദാദ് മുക്തകൺഠം പ്രശംസിക്കുന്ന വീഡിയോ ക്ലിപ്പിംഗ് പ്രചരിക്കുന്നുണ്ട്.
സൗദിയിൽ മുന ശദ്ദാദിന്റെ മുഴുവൻ പരിപാടികളും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വിലക്കിയതായി കലാപരിപാടി സൂപ്പർവൈസർ അബ്ദുല്ല മഖാരിശ് പറഞ്ഞു. സൗദി ചാനലുകളിലും റേഡിയോ നിലയങ്ങളിലും മുന ശദ്ദാദ് പ്രത്യക്ഷപ്പെടുന്നതും വിലക്കിയിട്ടുണ്ട്. 'ഞങ്ങളെ അവഹേളിക്കുന്നത് മതി, ഞങ്ങളുടെ ചാനലുകളും വേദികളും ഭവനങ്ങളും നിങ്ങൾക്ക് മുന്നിൽ തുറന്നുതന്നു. ഞങ്ങളുടെ സുകൃതങ്ങളും മഹാമനസ്‌കതയും നിങ്ങൾ ചൂഷണം ചെയ്യരുത്. പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടേണ്ടിവരുമ്പോൾ ഞങ്ങൾ കരുത്തുറ്റ ജനതയാണ്. ഞങ്ങളുടെ ഭരണാധികാരികളെ അപകീർത്തിപ്പെടുന്നവരോട് ഞങ്ങൾ മൗനം പാലിക്കില്ല' - അബ്ദുല്ല മഖാരിശ് പറഞ്ഞു.