റിയാദ് - നൈൽ സാറ്റ് വഴി മൂന്നു ഇറാൻ ചാനലുകളുടെ സംപ്രേഷണം രണ്ടു വർഷത്തേക്ക് വിലക്കിയതായി നൈൽ സാറ്റ് കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി. അറബിയിലും ഇംഗ്ലീഷിലും വിഷം പ്രചരിപ്പിക്കുന്നത് ഉറപ്പു വരുത്തിയാണ് ഇറാൻ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയത്. അറബ് സാറ്റലൈറ്റുകളിൽ ഇറാൻ ചാനലുകൾക്ക് വിലക്കേർപ്പെടുത്തുന്നത് തുടരണമെന്ന് മക്കയിൽ ചേർന്ന ഇസ്‌ലാമിക് ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്ര നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
തെഹ്‌റാൻ ആസ്ഥാനമായി 2010 ൽ സംപ്രേഷണം ആരംഭിച്ച ഐ ഫിലിം അറബി, ഇംഗ്ലീഷ് ചാനലുകളും മുൻ ഇറാൻ പ്രസിഡന്റ് അഹ്മദി നെജാദ് 2007 ൽ ഉദ്ഘാടനം ചെയ്ത, തെഹ്‌റാൻ ആസ്ഥാനമായി സംപ്രേഷണം ചെയ്യുന്ന ഇംഗ്ലീഷ് ചാനലായ പ്രസ് ടി.വിയുമാണ് നൈൽ സാറ്റിൽ വിലക്കിയത്. അക്രമവും ഭീകരതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ വിലക്കുന്നതിന് ആവശ്യപ്പെടുന്ന വ്യവസ്ഥകൾ പാലിച്ച് ഒരു ഇറാൻ ചാനലുമായും നൈൽ സാറ്റ് കരാറുകൾ ഒപ്പുവെക്കില്ല. സംപ്രേഷണം സ്വീകരിക്കുന്ന രാജ്യങ്ങളെ മാനിക്കാത്തതും ഇറാൻ ചാനലുകൾ വിലക്കുന്നതിന് കാരണമാണ്.
നിലവിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഖത്തറിലെ അൽജസീറ ചാനലുമായി നൈൽ സാറ്റ് കമ്പനി കരാർ ഒപ്പുവെച്ചിട്ടില്ല. അൽജസീറ ചാനലുമായുള്ള കരാർ വർഷങ്ങൾക്കു മുമ്പ് അവസാനിച്ചതാണ്. തങ്ങളുടെ വ്യവസ്ഥകൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രങ്ങളേർപ്പെടുത്തുന്നവയാണെന്നാണ് അൽജസീറ ചാനലിന്റെ നിലപാട്. തങ്ങളുടെ വ്യവസ്ഥകളിൽ നൈൽ സാറ്റ് ഉറച്ചുനിൽക്കുന്നു. ഇതേ ഓർബിറ്റിൽ ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂടെൽസാറ്റ് വഴിയാണ് അൽജസീറ ചാനൽ സംപ്രേഷണം ചെയ്യുന്നതെന്നും നൈൽ സാറ്റ് കമ്പനി വൃത്തങ്ങൾ പറഞ്ഞു.