Sorry, you need to enable JavaScript to visit this website.

ഇത് കൊലക്കുറ്റമല്ല; യോഗിയെ വിമർശിച്ച മാധ്യമ പ്രവർത്തകന്റെ അറസ്റ്റിൽ സുപ്രീം കോടതി

ന്യൂദൽഹി- സ്വതന്ത്ര മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയുടെ അറസ്റ്റിൽ ശക്തമായ വിമർശനവുമായി സുപ്രീം കോടതി. ഒരാളെ ഇങ്ങിനെ അറസ്റ്റ് ചെയ്യാൻ ഇത് കൊലപാതകക്കുറ്റമൊന്നുമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കനോജിയയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ ജഗീഷ അറോറ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ വിമർശനം. ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, അജയ് രസ്‌തോഗി എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭരണഘടനവിരുദ്ധമായാണ് തന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ജഗീഷയുടെ ഹർജിയിൽ പറയുന്നത്. 
    മാധ്യമപ്രവർത്തകനായ തന്റെ ഭർത്താവിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ജഗീഷ് ഹേബിയസ് കോർപസ് റിട്ടും നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൻമേലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടത്തിയത്. 
    അതേസമയം യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തക്കു നേരെയുള്ള വേട്ട തുടരുകയാണ്. സ്വകാര്യ ചാനലിന്റെ ഉടമയെയും എഡിറ്ററെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ കാമുകിയാണെന്ന് വെളിപ്പെടുത്തി ഒരു സ്ത്രീ നടത്തിയ വാർത്ത സമ്മേളനം ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനാണ് സ്വതന്ത്ര മാധ്യമപ്രവർത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ദിവസം മുൻപേ ചാനൽ ചർച്ചക്കിടെ ഇതേ വീഡിയോ പ്രസിദ്ധപ്പെടുത്തിയ ചാനലിന്റെ ഉടമയെയും എഡിറ്ററേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
    നാഷൻ ലൈവ് ന്യൂസ് എന്ന സ്വകാര്യ ഹിന്ദി ചാനലിൻറെ ഉടമ ഇഷിക സിങംഗ്, എഡിറ്റർ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്ക് മാനഹാനി വരുത്തിയെന്നാണ് ആരോപണം. ഇതിന് പുറമെ ലൈസൻസ് ഇല്ലാതെ ചാനൽ പ്രവർത്തിപ്പിച്ചതിനുള്ള കുറ്റം കൂടി ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. 
    പ്രശാന്ത് കനോജിയ ഉൾപ്പടെയുള്ളവരുടെ അറസ്റ്റിനെതിരേ മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡും മാധ്യമപ്രവർത്തകരുടെ വിവിധ സംഘടനകളും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മാധ്യമ പ്രവർത്തകരുടെ സംഘടനകൾ  സംയുക്തമായി ഇന്നലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ മുന്നിൽ നിന്നു നടത്തിയ പാർലമെന്റ് മാർച്ച് ദൽഹി പോലീസ് തടഞ്ഞു. 

Latest News