ജിസാൻ - പതിനാലു വർഷം മുമ്പ് പിതാവ് വാഹനാപകടത്തിൽപെട്ട് മരണപ്പെട്ട അതേ സ്ഥലത്ത് സൗദി യുവാവിനും അന്ത്യം. ഇരുപത്തിയെട്ടു വയസ് പ്രായമുള്ള മുഹമ്മദ് ഖാസിം ദൂശി പിക്കപ്പ് മറിഞ്ഞാണ് മരിച്ചത്. അൽആരിദയുടെ പ്രവേശന കവാടത്തിൽ പ്രവർത്തിക്കുന്ന ചെക്ക് പോയിന്റിനു സമീപമാണ് അപകടം.
അതിർത്തി സുരക്ഷാ സേനാ ഉദ്യോഗസ്ഥനായ മുഹമ്മദ് ഖാസിം ദൂശി ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. മഴക്കിടെ നിയന്ത്രണം വിട്ട് യുവാവിന്റെ കാർ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ദൂശിയെ റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി അബൂഅരീശ് ആശുപത്രിയിലേക്ക് നീക്കിയെങ്കിലും വൈകാതെ അന്ത്യശ്വാസം വലിക്കുകയായിരുന്നു. പതിനാലു വർഷം മുമ്പ് മുഹമ്മദിന്റെ പിതാവ് ഖാസിം ദൂശി ഇതേ സ്ഥലത്ത് അപകടത്തിൽ മരണപ്പെട്ടിരുന്നു. ഖാസിം ദൂശി ഓടിച്ച കാർ മറ്റൊരു കാറുമായി അന്ന് കൂട്ടിയിടിക്കുകയായിരുന്നു.