മഞ്ചേരി- മഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബാബു സെബാസ്റ്റ്യന്‍ (48) എന്നയാള്‍ പിടിയിലായി.
മലപ്പുറത്തേക്ക് മൊത്ത വിതരണത്തിനായി ആന്ധ്രയില്‍നിന്നു കൊണ്ടുവന്നതാണ് കഞ്ചാവ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വോഡ് മഞ്ചേരി മുട്ടിപ്പാലത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഒരാഴ്ച മുന്‍പ് ആറ് കിലോ കഞ്ചാവുമായി അരീക്കോട് വാലില്ലാപുഴ സ്വദേശി മുസ്തഫയെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയിരുന്നു.
ഇയാളില്‍നിന്നാണ് ബാബുവിനെക്കുറിച്ച വിവരം ലഭിക്കുന്നത്. അന്നു മുതല്‍ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിരവധി തവണ മലപ്പുറത്തേക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതായി വ്യക്തമായിട്ടുണ്ട്. ഇയാളില്‍നിന്നു ജില്ലയിലെ മൊത്ത വിതരണക്കാരായ ആളുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.
25 വര്‍ഷമായി ആന്ധ്രയിലെ നരസിപട്ടണത്ത് താമസമാക്കിയ ഇയാള്‍ക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എല്ലാ മൊത്ത വിതരണക്കാരുമായും ബന്ധമുണ്ട്. ആന്ധ്രയില്‍ ഏജന്റുമാരായി നില്‍ക്കുന്ന ആളുകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌കോഡ് 60 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും 20 ഓളം പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതിയുടെ പേരില്‍ വയനാട് മാനന്തവാടി സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.