Sorry, you need to enable JavaScript to visit this website.

എമ്മ പൂച്ചകളുടെ അമ്മ; പൂച്ചനോട്ടത്തിന് മാസം ചെലവ് 15000 ദിര്‍ഹം

ദുബായ്- രണ്ടായിരത്തി പതിനൊന്നില്‍ യു.എ.ഇയില്‍ എത്തിയ ശേഷം താന്‍ അഭയം കൊടുത്ത പൂച്ചകളുടെ എണ്ണം ചോദിച്ചാല്‍ എമ്മാ ബട്ടണ്‍ കൈമലര്‍ത്തും. അറിയില്ല. എണ്ണാന്‍ പറ്റാത്ത വിധം അത്ര പൂച്ചകളാണ് എമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിയാന്‍ എത്തിയത്.
ഖലീഫ സിറ്റിയിലെ നാല് ബെഡ്‌റൂം വില്ല ഇപ്പോള്‍ എഴുപതോളം പൂച്ചകളുടെ കൂടി വീടാണ്. തെരുവില്‍ നിന്ന് പെറുക്കിയെടുത്ത, ഉപേക്ഷിക്കപ്പെട്ട പൂച്ചകളാണ് മിക്കതും. ബ്രിട്ടീഷുകാരിയാണ് എമ്മ.
വില്ലയില്‍ എവിടെനോക്കിയാലും പൂച്ചകള്‍ മാത്രം. ലിവിംഗ് റൂം മുതല്‍ അടുക്കള വരെ. സ്റ്റെയര്‍കെയ്‌സിലും കിച്ചണ്‍ സിങ്കിലും അലമാരയിലും വരെ പൂച്ചകളുടെ സാന്നിധ്യമാണ്. തവിട്ടും വെള്ളയും കലര്‍ന്ന സിയാമീസ് പ്രിന്‍സസ് മുതല്‍ കറുപ്പും വെളുപ്പും കലര്‍ന്ന അറേബ്യന്‍ മൗ സ്‌നോവി വരെ പൂച്ചകളുടെ കൂട്ടത്തിലുണ്ട്. ഓരോ പൂച്ചയേയും പേരു ചൊല്ലി വിളിക്കാന്‍ എമ്മക്ക് കഴിയും.
കൂട്ടത്തില്‍ പ്രായം കൂടിയ പൂച്ചക്ക് 16 വയസ്സ്. ഇളയതിന് 14.
പൂച്ചയോടുള്ള പ്രേമം എങ്ങനെ എപ്പോള്‍ തുടങ്ങിയെന്നൊന്നും എമ്മക്കറിയില്ല. എമ്മയുടെ അയല്‍ക്കാര്‍ ഒരിക്കല്‍ സമ്മാനിച്ച കുഞ്ഞിപ്പൂച്ചയെ വളര്‍ത്താന്‍ തുടങ്ങിയതുമുതല്‍ എന്നാണ് മറുപടി.
പൂച്ചക്ക് ഭക്ഷണം വാങ്ങാന്‍ മാത്രം മാസം പതിനായിരം മുതല്‍ 15000 ദിര്‍ഹം വരെ മുടക്കുന്നു എമ്മ. പൂച്ചകള്‍ക്ക് എന്തെങ്കിലും അസുഖം വന്ന് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നാല്‍ ചെലവ് പിന്നേയും കൂടും. ഈയിടെ മെനിഞ്ചൈറ്റിസ് വന്ന ഒരു പൂച്ചയെ ചികിത്സിക്കാന്‍ ചെലവായത് 35000 ദിര്‍ഹമാണെന്നും എമ്മ പറയുന്നു.
എമ്മയുടെ 'വട്ട്' കണ്ട് ചിലര്‍ പൂച്ചകളെ അവരുടെ വില്ലയുടെ വാതില്‍ക്കല്‍ വെച്ച് കടന്നുകളയും. അതില്‍ സന്തോഷമാണ് എമ്മക്ക്. തെരുവില്‍ ഇട്ടുപോയില്ലല്ലോ...
തനിക്ക് വട്ടാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്ന് എമ്മ തന്നെ സമ്മതിക്കുന്നു. അവര്‍ക്ക് തന്റെ പ്രവൃത്തി മനസ്സിലാക്കാനാകുന്നില്ല. പലരും വീട്ടിലേക്ക് വരുന്നത് തന്നെ നിര്‍ത്തി. പൂച്ചകളുടെ പരാക്രമം കാരണം മര്യാദക്ക് അത്താഴം കഴിക്കാന്‍ അതിഥികള്‍ക്കാവില്ല. എന്നാല്‍ തനിക്ക് അതിന് ചില വേലത്തരങ്ങളുണ്ടെന്നും എമ്മ പറയുന്നു.
മൃഗങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്ന രീതി കൂടി വരികയാണെന്നും എമ്മ ബട്ടണ് അഭിപ്രായമുണ്ട്.

 

 

Latest News