കേരളത്തിന് പ്രധാനമന്ത്രിയിൽ നിന്ന് നീതി ലഭിക്കില്ല- രാഹുൽ ഗാന്ധി 

കോഴിക്കോട്- പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽനിന്ന് കേരളത്തിന് നീതി ലഭിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേയും മറ്റുള്ളവയേയും കേന്ദ്ര സർക്കാർ വേർതിരിച്ച് കാണുന്നു. ഉത്തർപ്രദേശിന് നൽകുന്ന പരിഗണന കേരളത്തിന് പ്രധാനമന്ത്രി നൽകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിന്റെ ഭാഗമായി ഈങ്ങാംപുഴയിൽ പ്രസംഗിക്കുകയായരുന്നു അദ്ദേഹം.

കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ മാത്രമല്ല മറ്റു രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും തനിക്കു വേണ്ടി വോട്ടു ചെയ്തു. അതുകൊണ്ടു തന്നെ വയനാട് മണ്ഡലത്തിലെ എല്ലാ വോട്ടർമാക്ക് വേണ്ടിയും എം.പി എന്ന നിലയിൽ തന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ഇടത് എം.എൽ.എ തന്നെ കാണാനെത്തിയത് ഏറെ സന്തോഷമുണ്ടാക്കിയെന്നും രാഹുൽ പറഞ്ഞു.

മൂന്നു ദിവസമായി തുടരുന്ന രാഹുലിന്റെ വയനാട് സന്ദർശനം ഇന്ന് അവസാനിക്കും. മുക്കത്തും രാഹുൽ റോഡ് ഷോ നടത്തും. രണ്ടു മണിയോടെ മൂന്നു ദിവസത്തെ വയനാട് സന്ദർശനം അവസാനിപ്പിച്ച് രാഹുൽ ദൽഹിക്ക് മടങ്ങും.
 

Latest News