വീട്ടിലേക്ക് മടങ്ങാന്‍ സമയമായി- രോഷ്‌നിയുടെ അവസാന പോസ്റ്റില്‍ കണ്ണീരുണങ്ങാതെ സുഹൃത്തുക്കള്‍

ദുബായ്- പന്ത്രണ്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ ദുബായ് വാഹനാപകടത്തില്‍ മരിച്ച രോഷ്‌നി മുല്‍ചന്ദാനിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിച്ചു. 12 പേരില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതിരുന്നത് രോഷ്‌നിയുടേത് മാത്രമാണ്. രോഷ്‌നിയുടെ അച്ഛനും സഹോദരനും മുംബൈയില്‍നിന്ന് എത്തിയിരുന്നു.
മോഡലിംഗ് രംഗത്ത് സജീവമായിരുന്ന രോഷ്‌നി പാം ജുമൈറയിലെ പ്രശസ്ത ഹോട്ടലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സുന്ദരിയായ മകളുടെ മുഖം അപകടത്തില്‍ ഛിന്നഭിന്നമായതു കണ്ട് അച്ഛനും സഹോദരവും വാവിട്ട് നിലവിളിച്ചു. ജബല്‍ അലിയിലെ ശ്മശാനത്തില്‍ ഹൃദയം നുറുങ്ങുന്ന രംഗങ്ങളായിരുന്നു.
കസിന്  മനീഷയുടെ ഭര്‍ത്താവ് വിക്രം ജവാഹര്‍ താക്കൂറുമൊത്താണ് രോഷ്‌നി മസ്‌കത്തില്‍ സുഹൃത്തുക്കളെ കാണാന്‍ പോയത്. മനീഷയും പോകാനിരുന്നതാണെങ്കിലും അവസാന നിമിഷം ജോലിത്തിരക്കുമൂലം സാധിച്ചില്ല. വിക്രമും അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹവുമായി രോഷ്‌നിയുടെ പിതാവും സഹോദരനും രാത്രിയിലെ വിമാനത്തില്‍ മുംബൈക്ക് മടങ്ങി.
വീട്ടിലേക്ക് മടങ്ങാന്‍ സമയമായി എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പ്രസിദ്ധീകരിച്ച ശേഷമാണ് മസ്‌കത്തില്‍നിന്ന് രോഷ്‌നി ബസില്‍ കയറിയത്. ഇന്‍സ്റ്റഗ്രാമില്‍ 53000 ഫോളോവേഴ്‌സുള്ള രോഷ്‌നിയുടെ മരണത്തില്‍ അനുശോചനം നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. ഒമാനില്‍നിന്ന് നിരവധി വീഡിയോകളും ചിത്രങ്ങളും രോഷ്‌നി പോസ്റ്റ് ചെയ്തിരുന്നു.
മാധ്യമവിദ്യാര്‍ഥിയായിരുന്ന രോഷ്‌നി ഹ്രസ്വകാലം ഗള്‍ഫ് ന്യൂസ് ദിനപത്രത്തിലും ഇന്റേണി ആയി പ്രവര്‍ത്തിച്ചിരുന്നു.

 

Latest News