അടുത്ത സ്റ്റോപ്: കാത്തിരുന്നത് മരണം

ദീപകുമാറിന്റെ മകള്‍ അതുല്യ ബന്ധുവിന്റെ കൈകളില്‍.

ദുബായ്- ദീര്‍ഘയാത്രയുടെ ആലസ്യത്തില്‍ ഒന്നു മയങ്ങിപ്പോയതാണ് തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍ ദുബായ് ബസപകടത്തില്‍പെടാന്‍ കാരണം. അപകടമുണ്ടാകുന്നതിന് മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങേണ്ടതായിരുന്നു ദീപകുമാറും ഭാര്യ ആതിരയും മകള്‍ അതുല്യയും. എന്നാല്‍ ആ സ്റ്റോപിലെത്തിയപ്പോള്‍ ഉറക്കത്തിലായിപ്പോയി. ഉണര്‍ന്നപ്പോള്‍ സ്റ്റോപ് കഴിഞ്ഞു. അടുത്ത സ്റ്റോപില്‍ ഇറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ദീപയും കുടുംബവും. അപ്പോഴാണ് അശനിപാതംപോലെ അപകടം വന്നെത്തിയത്.
വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയുമെന്ന ചോദ്യവുമായി ആതിരയെ സമാധാനിപ്പിക്കുകയാണ് സുഹൃത്തുക്കള്‍. നാലു വയസ്സുകാരി അതുല്യയും അപകടത്തിന്റെ ആഘാതത്തിലാണ്.
മൂന്നു പേരും ഒമാനില്‍ ബന്ധുവിനൊപ്പം ഈദ് ആഘോഷിച്ചു മടങ്ങുകയായിരുന്നു.ഭാര്യ ആതിരയുടെ ബന്ധുവീട്ടിലേക്കാണു പോയത്. അപകടത്തില്‍ ബസിന്റെ ചില്ലു തട്ടി ദീപ കുമാറിന്റെ നെറ്റിയില്‍ പരുക്കേറ്റു. ആതിരക്കും മകള്‍ അതുല്യക്കും നിസ്സാരപരുക്കുകള്‍. ആതിര നെറ്റി തുടച്ചപ്പോള്‍ ദീപകുമാറിനു ബോധം ഉണ്ടായിരുന്നു. ആതിരയോടു സംസാരിച്ചു ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധരഹിതനായി. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരുക്കാണു മരണത്തിനു കാരണമായത്. അടുത്ത ഓണത്തിനു കാണാമെന്ന് അമ്മ പ്രഭുല്ലയോടും ബന്ധുക്കളോടും പറഞ്ഞാണു നാട്ടിലെ വീട്ടില്‍നിന്നുള്ള അവസാന യാത്ര.

http://www.malayalamnewsdaily.com/sites/default/files/2019/06/08/athulya.jpg

ദീപകുമാറിന്റെ മകള്‍ അതുല്യ ബന്ധുവിന്റെ കൈകളില്‍.

ദുബായിലെ ഓഫിസില്‍ എന്തു തിരക്കാണെങ്കിലും ഓണത്തിനു വേളി മാധപുരത്തെ ജയാഭവനില്‍ ദീപകുമാര്‍ എത്തുമായിരുന്നു.
14 വര്‍ഷമായി ഇതിനു മുടക്കമില്ല. പല വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന സുഹൃത്തുക്കളും ഈ സമയത്തു നാട്ടില്‍ ഉണ്ടാകും. സുഹൃത്തുക്കളും വീട്ടുകാരുമായി ആഘോഷവും സഞ്ചാരവും കഴിഞ്ഞു മടക്കം. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലും തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലും പഠിച്ചു. ബികോം കഴിഞ്ഞപ്പോള്‍ എല്‍.എല്‍.ബിക്കു ചേരാന്‍ തീരുമാനിച്ചപ്പോഴാണു ദുബായില്‍ ജോലി ലഭിക്കുന്നത്. മിലിറ്ററി നഴ്‌സായിരുന്ന കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ആതിരയെ (33) നാലുവര്‍ഷം മുന്‍പാണു വിവാഹം കഴിച്ചത്. അവര്‍ ജോലി രാജിവച്ചു ദുബായിലേക്കു പോയി. മകള്‍ അതുല്യ (4) ദുബായിലെ സ്‌കൂളിലാണു പഠിക്കുന്നത്.ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്ന ദീപ കുമാറിന്റെ അച്ഛന്‍ പി. മാധവന്‍ 25 വര്‍ഷം മുന്‍പു മരിച്ചു. സഹോദരങ്ങള്‍: ജയകുമാര്‍ (ടൈറ്റാനിയം), ദീപ്തി കുമാര്‍. (സൈനിക കന്റീന്‍, പത്തനംതിട്ട).

 

Latest News