കൽപ്പറ്റ- രാജ്യത്തെ വിഭജിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി വിഷം ചീറ്റുകയാണെന്ന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി. വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാൻ എത്തിയതായിരുന്നു രാഹുൽ. ദേശീയതലത്തിൽ നമ്മൾ പോരാടുന്നത് വിഷത്തിനെതിരെയാണ്. മിസ്റ്റർ നരേന്ദ്രമോഡി വിഷം ഉപയോഗിക്കുന്നു. ഞാൻ കരുത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ മോഡി രാജ്യത്തെ വിഭജിക്കാനായി വിഷം ഉപയോഗിക്കുകയാണ്. അദ്ദേഹം രാജ്യത്തെ വിഭജിക്കാൻ രോക്ഷം ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അദ്ദേഹം കള്ളം പറയുന്നു, രാഹുൽഗാന്ധി പറഞ്ഞു.
വയനാട്ടിലെ ഓരോ വ്യക്തിക്കുമായി തന്റെ വാതിൽ തുറന്നുകിടക്കും. ലോക്‌സഭാ തെരഞ്ഞെുപ്പിന് ശേഷം ആദ്യമായാണ് രാഹുൽ തന്റെ മണ്ഡലമായ വയനാട്ടിൽ എത്തുന്നത്.
ഇന്ന് രാവിലെ പ്രതിനിധി സംഘങ്ങളുമായുള്ള കൂടികാഴ്ച്ചക്കായി വയനാട് കലക്ടറേറ്റിൽ എത്തിയ ശേഷമായിരുന്നു റോഡ് ഷോ. വിവിധ സംഘങ്ങളിൽ നിന്നും രാഹുൽ നിവേദനം സ്വീകരിച്ചു.ഇന്ന് ആറ് ഇടങ്ങളിൽ രാഹുൽ റോഡ് ഷോ നടത്തും.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിന് വിജയിച്ച ശേഷം മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ എത്തിയ രാഹുലിന്റെ ഇന്നലത്തെ പര്യടനം മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്തിൽ നടന്ന റോഡ്‌ഷോയിൽ പങ്കെടുക്കാൻ മഴയ അവഗണിച്ചും ആയിരങ്ങളാണ് എത്തിയത്. റോഡരികിലും, കടതിണ്ണകളിലും, കെട്ടിടങ്ങൾക്ക് മുകളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇടം പിടിച്ചു.
മണിക്കൂറോളം വൈകിയാണ് രാഹുൽ ഗാന്ധി കാളികാവിൽ എത്തിയത്. തുടർന്ന് റോഡ് മാർഗമാണ് വൈകുന്നേരം 5.35 ഓടെ നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാന്റിൽ എത്തിയത്. തുടർന്ന് ചന്തക്കുന്നിൽ സജ്ജമാക്കിയ തുറന്ന വാഹനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുകുൾവാസ്‌നിക്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, പി.വി.അബ്ദുൽ വഹാബ് എം.പി., മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് എന്നിവർക്കൊപ്പം ചന്തക്കുന്ന് മുതൽ നിലമ്പൂർ യു.പി.സ്‌കൂൾ വരെ റോഡിന്റെ ഇരുവശങ്ങളിലും കാത്തു നിന്ന യു.ഡി.എഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്യതാണ് കടന്നു പോയത്. കൈ കുഞ്ഞുങ്ങളുമായി നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെ കാത്തു മണിക്കൂറോളം കാത്തു നിന്നാണ് നേതാവിനെ കണ്ടത്. പലരും കുട്ടികളെ ഉയർത്തി രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയതു പാർട്ടി പതാകകളുമായി നൂറുകണക്കിന് പ്രവർത്തകർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു, തനിക്ക് വോട്ട് നൽകിയ എല്ലാ വർക്കും നന്ദി രേഖപ്പെടുത്തിയ രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം ഏറ്റെടുത്ത് വയനാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ ഒപ്പമുണ്ടാക്കുമെന്നും ഉറപ്പ് നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രസംഗം പരിഭാഷപ്പെടുത്തിയത്.
നിലമ്പൂരിലെ റോഡ് ഷോയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത് നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ്. കാളികാവിൽ മൂന്നു മണിക്ക് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുത്ത ശേഷം റോഡ് മാർഗം നാലു മണിക്ക് ചന്തക്കുന്ന് ബസ് സ്റ്റാന്റിൽ എത്തുമെന്നായിരുന്നു അറിയിച്ചത്. മഴ വില്ലനായതോടെ കാളികാവിൽ നിന്നും റോഡ് ഷോ കഴിഞ്ഞ് 5.35 ഓടെയാണ് ചന്തക്കുന്നിൽ എത്തിയത്. നിലമ്പൂരിലേക്ക് വരുന്ന വഴി ചായക്കടയിൽ കയറി ചായയും ഹൽവയും കഴിച്ചാണ് നിലമ്പൂരിലേക്ക് വന്നത്.
രണ്ടര മണി മുതൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവർത്തകരാണ് രാഹുൽ ഗാന്ധിയുടെ വരവിനായി കാത്തു നിന്നത്. മുക്കട്ടയിൽ നിന്നും ഫാത്തിമാ ഗിരി റോഡ് വഴി എത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും താഴെ ചന്തക്കുന്ന് വഴിയാണ് സ്റ്റാന്റിലേക്ക് എത്തിയത്. രാഹുൽ എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. വാഹനവ്യൂഹവും ബസ് സ്റ്റാൻഡിലേക്ക് കടന്നതോടെ ഗതാഗ തടസവും ഉണ്ടായി. തുടർന്ന് ബസ് സ്റ്റാൻഡിനകത്ത് റോഡ് ഷോക്ക് തയ്യാറാക്കിയ വാഹനത്തിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. തുടർന്ന് റോഡ് ഷോ ആരംഭിച്ചു. ജനബാഹുല്യം മൂലം 40 മിനിറ്റോളം സമയമെടുത്താണ് ചന്തക്കുന്നിൽ നിന്നും യു.പി.സ്‌കൂൾ പരിസരത്ത് എത്തിയത്. ജനതിരക്ക് പൊലിസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും നിയന്ത്രിക്കാനായില്ല. നിലമ്പൂർ ചെട്ടിയങ്ങാടി യു.പി സ്‌കൂളിനു സമീപം റോഡ് നിർത്തി. ജനങ്ങളെ അഭിവാദ്യം ചെയ്ത് അഞ്ചു മിനിറ്റ് പ്രസംഗിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. തിരക്ക് ഏറിയതിനാൽ കാറിലേക്ക് എത്താൻ പ്രയാസപ്പെട്ടു. ഒടുവിൽ ജനങ്ങളെ തള്ളിമാറ്റിയാണ് രാഹുലിന് കാറിൽ കയറാൻ സുരക്ഷാ ഉദ്യോഗസ്ഥർ വഴിയൊരുക്കിയത്.