ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന് സഖ്യസേനാ സഹായം

റിയാദ്- ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരനെ ആശുപത്രിയിലേക്ക് നീക്കിയതായി സഖ്യസേന അറിയിച്ചു. നവാരിനോ എന്ന് പേരുള്ള കപ്പലിലെ ജീവനക്കാരനെയാണ് സഖ്യസേന ആശുപത്രിയിലേക്ക് നീക്കിയത്. യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്തിനു പടിഞ്ഞാറു കൂടി കടന്നുപോകുന്നതിനിടെ അസുഖം ബാധിച്ച് ആരോഗ്യനില അങ്ങേയറ്റം വഷളായ ഇന്ത്യക്കാരനെ ആശുപത്രിയിലേക്ക് നീക്കുന്നതിന് കപ്പല്‍ ക്യാപ്റ്റന്‍ സഖ്യസേനയുടെ സഹായം തേടുകയായിരുന്നു.
ആവശ്യമായ പ്രാഥമിക ചികിത്സകള്‍ നല്‍കി ഇന്ത്യക്കാരനെ ആശുപത്രിയിലേക്ക് നീക്കിയതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ചെങ്കടലില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇറാന്‍ കപ്പലിലെ ജീവനക്കാരനെയും കഴിഞ്ഞ ദിവസം സഖ്യസേന എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ജിസാന്‍ മിലിട്ടറി ആശുപത്രിയിലേക്ക് നീക്കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആരോഗ്യനില വഷളായ ഇറാനിയെ രക്ഷപ്പെടുത്തുന്നതിന് ജനീവ യു.എന്നിലെ ഇറാന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ഔദ്യോഗികമായി സഖ്യസേനയുടെ സഹായം തേടുകയായിരുന്നു.

 

Latest News