തൃശൂർ - ബാലഭാസ്ക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് അറിയാനുള്ള പ്രധാന തുമ്പ് അജ്ഞാതയായ ഒരു സ്ത്രീയെക്കുറിച്ച്. വടക്കുന്നാഥക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തിയ ശേഷം അന്നു രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങണമെന്നും ഹോട്ടലിൽ തങ്ങരുതെന്നും ഉപദേശിച്ചത് പാലക്കാട് സ്വദേശിനിയായ ഒരു സ്ത്രീയാണെന്ന അഭ്യൂഹം പരക്കുന്നുണ്ട്. ഇതെത്ര മാത്രം ശരിയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അഭ്യൂഹത്തെ അന്വേഷണസംഘം തളളിക്കളയുന്നില്ല. എന്തുകൊണ്ടാണ് ഈ സ്ത്രീ രാത്രിക്കു രാത്രി ബാലഭാസ്ക്കറിനെയും കുടുംബത്തേയും തിരുവനന്തപുരത്തേക്ക് മടക്കി അയച്ചതെന്ന് വ്യക്തമല്ല. ഏതെങ്കിലും ജ്യോതിഷപ്രകാരമാണിതെന്നാണ് സംശയിക്കുന്നത്. വഴിപാടുകൾ ബുക്ക് ചെയ്തത് ഈ സ്ത്രീയാണെന്നും പറയുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. അപകടശേഷം ഈ സ്ത്രീ ആശുപത്രിയിലെത്തിയെന്നാണ് മറ്റൊരു അഭ്യൂഹം.
ഈ സ്ത്രീയുടെ സാന്നിധ്യത്തെക്കുറിച്ച് ബാലഭാസ്കറിന്റെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നെന്നാണ് പുതിയ വാർത്തകൾ.വടക്കുന്നാഥക്ഷേത്ര ദർശനം കഴിഞ്ഞ് ഹോട്ടലിൽ തങ്ങുകയാണെന്നാണ് ബാലഭാസ്കർ വീട്ടിലേക്ക് വിളിച്ചറിയിച്ചതെന്നും പറയുന്നു. അന്വേഷണം പുതിയ വഴികളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ഈ അഭ്യൂഹങ്ങൾ നൽകുന്നത്. ഒരു അഭ്യൂഹത്തേയും വെറും അഭ്യൂഹമെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയാത്തതുകൊണ്ട് അന്വേഷണ സംഘത്തിന് ഇതെല്ലാം വിശദമായി തലനാരിഴ കീറി പരിശോധിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്.
അതിനിടെ, ബാലഭാസ്ക്കറിന്റെ വാഹനം അപകടം നടന്ന ദിവസം തൃശൂരിൽ നിന്നും പോയത് അമിത വേഗത്തിലാണെന്ന് കണ്ടെത്തി സ്ഥിരീകരിച്ചു. ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള അമിതവേഗം കണ്ടെത്താനുളള ക്യാമറയിലാണ് ബാലഭാസ്ക്കറിന്റെ വാഹനത്തിന്റെ അമിതവേഗം പതിഞ്ഞിട്ടുള്ളത്.
ചാലക്കുടിയിൽ 1.08ന് കാർ സ്പീഡ് ക്യാമറയിൽ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റർ യാത്ര ചെയ്യാൻ വെറും 2.37 മണിക്കൂർ മാത്രമാണെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങൾ ലഭിച്ചത്.
ചാലക്കുടിയിൽ മോട്ടോർ വാഹനവകുപ്പിന്റെ വേഗത നിയന്ത്രണ ക്യാമറയിൽ കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞതാണ് നിർണായക തെളിവായിരിക്കുന്നത്. മണിക്കൂറിൽ 94 കിലോമീറ്റർ വേഗത്തിലായിരുന്നുവത്രെ വാഹനം. ഈവാഹനത്തിന്റെ രജിസ്ട്രേഷൻ വിലാസത്തിൽ മോട്ടോർ വാഹന വകുപ്പ് അമിതവേഗതയ്ക്ക് പിഴയൊടുക്കാൻ നോട്ടീസും അയച്ചിട്ടുണ്ട്.
ചാലക്കുടിയിൽ നിന്ന് തിരുവനന്തപുരത്ത് എത്താൻ വെറും 2.37 മണിക്കൂർ മാത്രമേ വേണ്ടിവന്നുള്ളു. എന്തിനായിരുന്നു കുഞ്ഞുമൊത്തുള്ള യാത്രയിൽ ഇത്രയും അമിതവേഗതയെന്നതും ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്.