മണലാരണ്യത്തിൽ പൊലിഞ്ഞത് പ്രവാസികളുടെ സ്വന്തം ജമാല്ക്ക... അണികളുടെ സ്വന്തം സഖാവ് ജമാൽ

തൃശൂർ - പ്രവാസികൾക്കിടയിൽ ജമാലുദ്ദീൻ അവരുടെ പ്രിയപ്പെട്ട ജമാല്ക്ക ആയിരുന്നു. നാട്ടിലും വിദേശത്തുമുള്ള പാർട്ടി പ്രവർത്തകർക്കും അണികൾക്കും സഖാവ് ജമാലും.ദുബായിയിൽ വാഹനാപകടത്തിൽ മരിച്ച തളിക്കുളം സ്വദേശി ജമാലുദ്ദീൻ ഗൾഫിൽ ജോലി ചെയ്യുമ്പോഴും നാട്ടിലെ രാഷ്ട്രീയകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവും തത്പരനും സജീവമായി ഇടപെടുന്നയാളുമായിരുന്നുവെന്ന് നാട്ടിലെ സഹപ്രവർത്തകർ ഓർക്കുന്നു. 
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ജമാലുദ്ദീൻ നാട്ടിലെത്തിയിരുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി നിറഞ്ഞുനിന്ന ജമാലുദ്ദീന്റെ വേർപാട് സഹസഖാക്കൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ജമാലുദ്ദിന്റെ വേർപാടിൽ അനുശോചിച്ച് സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.
ഗൾഫിലായിരിക്കുമ്പോഴും നാട്ടിലെ പാർട്ടി ഓഫീസുമായി ബന്ധപ്പെട്ടും പ്രവർത്തനങ്ങളിൽ ഇടപെട്ടും സജീവസാന്നിധ്യമായിരുന്നു ജമാലുദ്ദീൻ. ഗൾഫിലെത്തുന്ന ആർക്കും ഏതു സമയത്തും ജമാലുദ്ദീന്റെ സഹായം തേടാമായിരുന്നു. കക്ഷിരാഷ്ട്രീയഭേദമന്യേ എത്രയോ പ്രവാസികൾക്ക് താങ്ങും തണലുമായി ജമാലുദ്ദീൻ മാറിയിരുന്നു.
അവരെല്ലാം ഞെട്ടലോടെയാണ് ജമാലുദ്ദീന്റെ ദാരുണാന്ത്യം കേട്ടത്. എത്രയോ നിർധന കുടുംബങ്ങൾക്ക് സഹായം ചെയ്തും ജമാലുദ്ദീൻ മാതൃക കാണിച്ചിട്ടുണ്ട്. ജോലിയുടെ തിക്കിനും തിരക്കിനുമിടയിലും പാർട്ടിയെ ജീവവായുപോലെ സ്‌നേഹിച്ച നേതാവിനയാണ് നഷ്ടമായതെന്ന് തളിക്കുളത്തെ സി.പി.എം നേതാക്കൾ പറഞ്ഞു. 
പ്രവാസി സാംസ്‌കാരിക സംഘടനയായ ദുബായയിലെ ദലയുടെ നേതൃസ്ഥാനത്തും ജമാലുദ്ദീന്റെ സാന്നിധ്യമുണ്ടായിരുന്നു. തളിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെംബറായിരുന്നു ജമാലുദ്ദീൻ. സി.പി.എം ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഗാംഭീര്യമുള്ള ശബ്ദത്തിൽ മുഴങ്ങിയിരുന്ന ജമാലുദ്ദീന്റെ മുദ്രാവാക്യങ്ങൾ തളിക്കുളത്തെ പാർട്ടി പ്രവർത്തകരുടെ മനസിലിപ്പോഴും മുഴങ്ങുന്നുണ്ട്.
 മൃതദേഹം ഇപ്പോൾ ദുബായിയിലെ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രവാസി സഘടനാ ഭാരവാഹികൾ അറിയിച്ചു. ഭാര്യ സുലൈഖ. മക്കൾ സുഹാന (തളിക്കളം ഹൈസ്‌ക്കൂളിലെ പഌ് ടു വിദ്യാർത്ഥിനി), ഷാഫിയ
 

Latest News