നീറ്റ് പരീക്ഷാ ഫലത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോഴിക്കോട്- നീറ്റ് പരീക്ഷാഫലത്തില്‍ മനം നൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി പള്ളിക്കണ്ടി വന്ദനയാണ്(17) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നിലേക്ക് ചാടിയ വന്ദന തല്‍ക്ഷണം മരിച്ചു.
പ്ലസ് ടു പഠനം കഴിഞ്ഞ ശേഷം നീറ്റ് പരീക്ഷയെഴുതിയ വന്ദന റിസള്‍ട്ട് വന്നപ്പോള്‍ പരീക്ഷയില്‍ പാസായിട്ടുണ്ടെന്നാണ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, നീറ്റ് റാങ്കില്‍ താഴെയായിപ്പോയതില്‍ വന്ദന മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഇന്നലെ തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി തിരിച്ചു വരുമ്പോഴാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. എന്റെ ആയുസ്സ് ഇത്രയേ ഉള്ളൂ, ഞാന്‍ ആഗ്രഹിച്ച നിമിഷമായിരുന്നു ഇത്. ഐ ലവ് യു അച്ഛന്‍, അമ്മ, വൈഷ്ണവ്, വിഷ്ണു എന്നിങ്ങനെ കൈത്തണ്ടയില്‍ എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്. വിഷ്ണുവും വൈഷ്ണവും  വന്ദനയുടെ സഹോദരങ്ങളാണ്. പള്ളിക്കണ്ടിയിലെ മത്സ്യത്തൊഴിലാളിയായ ഷെര്‍ളീധരന്റേയും രൂപയുടേയും മകളാണ്.

 

Latest News