ലഖ്‌നൗ: ബിജെപി എംഎല്‍എയും കൂട്ട ബലാത്സംഗക്കേസിലെ പ്രതിയുമായ കുല്‍ദീപ് സിംഗ് സെന്‍ഗറിനെ കാണാന്‍ ഒരു വിശിഷ്ടാഥിതി എത്തി. ഉന്നാവോ എംപിയായ സാക്ഷി മഹാരാജ് ആയിരുന്നു ആ അപ്രതീക്ഷിത അതിഥി. എം.എല്‍.എയും ബിജെപി നേതാവുമായ കുല്‍ദീപ് സിംഗിനോട് തിരഞ്ഞെടുപ്പ് ജയത്തിന് നന്ദി അറിയിക്കാനാണ് ജയിലിലെത്തിയതെന്നാണ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം. 'അദ്ദേഹം ഇവിടെ കഴിയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തെ കാണാനും തിരഞ്ഞെടുപ്പിലെ എന്റെ വിജയത്തിന് നന്ദി പറയാനും കൂടിയാണ് വന്നത്', സാക്ഷി മഹാരാജ് പറഞ്ഞു.എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സാക്ഷി മഹാരാജ്, കുല്‍ദീപ് സിംഗിന്റെ ഉന്നാവയിലെ വീട് സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സന്ന്യാസിയാണെന്ന് അവകാശപ്പെടുന്ന സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകളാണ്. ഒപ്പം വിവാദ പ്രസ്താവനകള്‍ക്ക് അദ്ദേഹം ഏറെ പ്രശസ്തനാണ്. ഇത്തവണ ബിജെപി അധികാരത്തില്‍ വന്നാല്‍ 2024ല്‍ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും താന്‍ ഒരു സന്യാസിയാണെന്നും തനിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ശാപം ലഭിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതിന് സി.ബി.ഐ കുല്‍ദീപിനെ അറസ്റ്റ് ചെയ്തത്. കൂടാതെ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
കുല്‍ദീപിന്റെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ പേരില്‍ പോസ്‌കോ ചുമത്തിയായിരുന്നു അറസ്റ്റ്. സംഭവ സമയത്ത് കുല്‍ദീപിന്റെ വനിതാ സഹായി ശശി സിങ് മുറിക്കുപുറത്തു കാവല്‍ നിന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.
പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്ന് ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് സമീപത്തായി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്.