Sorry, you need to enable JavaScript to visit this website.

അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മമത പണി തുടങ്ങി; തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ 2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അണിയറ നീക്കങ്ങള്‍ ആരംഭിച്ചു. ബിജെപിയില്‍ നിന്നുള്ള ഭീഷണിയെ ചെറുക്കാനും കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനും ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരിക്കുകയാണ് മമത ബാനര്‍ജിയുടെ പാര്‍ട്ടി. ഏറ്റവുമൊടുവില്‍ ആന്ധ്രാ പ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറാന്‍ തന്ത്രം മെനഞ്ഞ പ്രശാന്ത് കിഷോറുമായി തൃണമൂല്‍ കരാറുണ്ടാക്കിയതായി സ്ഥിരീകരിച്ചു. പ്രശാന്ത് കിഷോറുമായി മമത കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കരാറൊപ്പിട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. രണ്ടു മണിക്കൂറാണ് ഇരുവരും ചര്‍ച്ച നടത്തിയത്. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത മാസം മുതല്‍ പ്രശാന്ത് കിഷോര്‍ പണി തുടങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ ബിജെപിയില്‍ നിന്നും തൃണമൂല്‍ വെല്ലുവിളി നേരിടുന്നുണ്ട്. ബംഗാളിലെ 42 സീറ്റില്‍ ഈ തെരഞ്ഞെടുപ്പോടെ തൃണമൂലിന്റെ എംപിമാരുടെ എണ്ണം 34ല്‍ നിന്ന് 22 ആയി കുറഞ്ഞിരുന്നു. ബിജെപി ചരിത്രത്തിലാദ്യമായി രണ്ടക്കം കടക്കുകയും ചെയ്തു. സംസ്ഥാനത്ത് വന്‍ കുതിപ്പ് നടത്തിയ ബിജെപിയെ പിടിച്ചുകെട്ടാന്‍ സഹായിക്കാനാണ് തൃണമൂല്‍ പ്രശാന്തിനെ കൂട്ടുപിടിച്ചിരിക്കുന്നത്. 

2014-ല്‍ നരേന്ദ്ര മോഡിയുടെ പ്രചാരണം കൈകാര്യം ചെയ്തതും 2015-ല്‍ ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയവുമാണ് പ്രശാന്തിനെ ശ്രദ്ധേയനാക്കിയത്. കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പില്‍ സഹായിച്ചെങ്കിലും വലിയ ഫലമുണ്ടാക്കിയിരുന്നില്ല. പത്തു വര്‍ഷം മാത്രം പഴക്കമുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആന്ധ്രയില്‍ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് പ്രശാന്തിന്റെ ശ്രദ്ധേമായ ഏറ്റവുമൊടുവിലത്തെ നേട്ടം. 175 നിയമസഭാ സീറ്റില്‍ 151ലും 22 ലോക്‌സഭാ സീറ്റില്‍ 22 ഇടത്തും പാര്‍ട്ടിയെ ജയിപ്പിക്കാന്‍ പ്രശാന്തിന്റെ തന്ത്രങ്ങളാണ് സഹായിച്ചത്.
 

Latest News