Sorry, you need to enable JavaScript to visit this website.

വിദേശങ്ങളില്‍ കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കാന്‍ സൗദികള്‍ക്ക് വായ്പ

റിയാദ് - സൗദിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് ലക്ഷ്യമിട്ട് സൗദി നിക്ഷേപകരും കമ്പനികളും വിദേശങ്ങളിൽ ആരംഭിക്കുന്ന കാർഷിക പദ്ധതികൾക്ക് സൗദി കാർഷിക വികസന നിധി രണ്ടു മാസത്തിനുള്ളിൽ വായ്പ അനുവദിച്ചു തുടങ്ങും. 


എട്ടിനം കാർഷിക വിളകൾക്കാണ് വായ്പകൾ നൽകുക. ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി അരി, ചോളം, ബാർളി, ഗോതമ്പ്, പച്ചപ്പുല്ല്, കരിമ്പ്, സോയാബീൻ, ക്ലോവർ എന്നീ കാർഷിക വിളകൾക്കാണ് ലഘു വ്യവസ്ഥകളോടെ വായ്പകൾ അനുവദിക്കുക. വിദേശങ്ങളിൽ കാർഷിക മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ഈ എട്ടു വിളകൾക്കാണ് മുൻഗണന നൽകുന്നത്. വിദേശത്ത് കാർഷിക മേഖലയിൽ നിക്ഷേപം നടത്തുന്നതിനും കാർഷിക പദ്ധതികൾക്ക് വായ്പകൾ നേടുന്നതിനും ആഗ്രഹിക്കുന്നവരിൽനിന്ന് കാർഷിക വികസന നിധി അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. കാർഷിക പദ്ധതിയുടെ പുരോഗതിക്കനുസരിച്ച് ഗഡുക്കളായാണ് അപേക്ഷകർക്ക് വായ്പാ തുകകൾ അനുവദിക്കുക. 


കാർഷിക മേഖലയിൽ വിജയകരമായി പ്രവർത്തിച്ചതിന്റെ ചരിത്രമുള്ള നിക്ഷേപകർക്കും കമ്പനികൾക്കുമാണ് വായ്പകൾ അനുവദിക്കുക. കാർഷിക പദ്ധതികൾക്ക് ഒമ്പതര കോടിയോളം റിയാൽ വായ്പകൾ അനുവദിക്കും. സാമ്പത്തിക പ്രയോജനമുള്ള പദ്ധതികളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ കാർഷിക വിളകളുടെ 50 ശതമാനമെങ്കിലും സൗദിയിലേക്ക് കയറ്റി അയക്കണമെന്നും വ്യവസ്ഥയുണ്ട്. വിദേശങ്ങളിലെ കാർഷിക പദ്ധതികളുടെ സാധ്യതാ പഠനം നടത്തുന്നതിന് വിവിധ രാജ്യങ്ങളിലെ പതിനഞ്ചു കൺസൾട്ടൻസികളെ കാർഷിക വികസന നിധി നിശ്ചയിച്ചിട്ടുണ്ട്. 


കാർഷിക വികസന നിധി സ്ഥാപിച്ചതു മുതൽ കഴിഞ്ഞ വർഷാവസാനം വരെയുള്ള കാലത്ത് കാർഷിക പദ്ധതികൾക്ക് നിധിയിൽനിന്ന് അയ്യായിരം കോടിയിലേറെ റിയാൽ വായ്പ നൽകിയിട്ടുണ്ട്. കാർഷിക പദ്ധതികളുടെ ചെലവിന്റെ അമ്പതു ശതമാനം വരെയാണ് നിധിയിൽനിന്ന് വായ്പകൾ നൽകുന്നത്. 
എന്നാൽ പൗൾട്രി, മത്സ്യകൃഷി അടക്കമുള്ള ചില പദ്ധതികൾക്ക് ആകെ ചെലവിന്റെ 70 ശതമാനം വരെ വായ്പയായി നൽകും. ഓരോ പ്രവിശ്യകളുടെയും പ്രത്യേകതകൾക്ക് അനുസൃതമായി ഭക്ഷ്യസുരക്ഷ സാക്ഷാൽക്കരിക്കുന്നതിന് സഹായകമാകും വിധം കാർഷിക മേഖലക്ക് വായ്പകൾ നൽകൽ, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരത സംരക്ഷിച്ച് ഗ്രാമപ്രദേശങ്ങളുടെ വികസനം, കാർഷിക മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നീ തന്ത്രപ്രധാന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനാണ് കാർഷിക വികസന നിധി പ്രവർത്തിക്കുന്നത്.
 

Latest News