Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിന്റെ നിലപാടു മാറ്റത്തിന്  കാരണം വിദേശ സമ്മർദമാകാം -യു.എ.ഇ

ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസിർ അൽഥാനി  മക്കയിൽ അറബ് ഉച്ചകോടിയിൽ 

റിയാദ് - വിദേശ സമ്മർദമാകാം ഖത്തറിനെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. ഉച്ചകോടികളിൽ പങ്കെടുക്കുകയും തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്ത ശേഷം പരസ്പര ധാരണയിലെത്തിയ കാര്യങ്ങളിൽനിന്നുള്ള പിന്നോക്കം പോക്കിന് കാരണം പരമാധികാരം നഷ്ടപ്പെട്ടവരുടെയും  വിശ്വാസ്യതയില്ലാത്തവരുടെയും മേലുള്ള സമ്മർദമാകാമെന്ന് ഡോ. അൻവർ ഗർഗാശ് പറഞ്ഞു. 


മക്കയിൽ ചേർന്ന അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികളിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസിർ അൽഥാനി പങ്കെടുത്തിരുന്നു. ഉച്ചകോടികൾ സമാപിച്ച് ഖത്തർ പ്രധാനമന്ത്രി സ്വദേശത്ത് തിരിച്ചെത്തിയ ശേഷം ഖത്തർ നിലപാടുകൾ മാറ്റുകയും ഗൾഫ്, അറബ് ഉച്ചകോടി പ്രഖ്യാപനങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. ഗൾഫ്, അറബ് ഉച്ചകോടി പ്രഖ്യാപനങ്ങളിൽ തങ്ങൾക്ക് വിയോജിപ്പുള്ളതായി ഖത്തർ വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. പ്രഖ്യാപനങ്ങളിലെ ചില വകുപ്പുകൾ ഖത്തറിന്റെ വിദേശ നയത്തിന് വിരുദ്ധമാണ്. ഗൾഫ്, അറബ് ഉച്ചകോടി പ്രഖ്യാപനങ്ങൾ തങ്ങൾ കണ്ടിരുന്നില്ല. അതുകൊണ്ടാണ് പ്രഖ്യാപനങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനും തള്ളിക്കളയുന്നതിനും ഖത്തർ തീരുമാനിച്ചതെന്നും വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. 


ഉച്ചകോടികൾ അവസാനിച്ച് മൂന്നു ദിവസം പിന്നിട്ട ശേഷം ടി.വി ചാനലിലൂടെയാണ് ഉച്ചകോടി പ്രഖ്യാപനങ്ങളിലുള്ള വിയോജിപ്പ് ഖത്തർ വിദേശ മന്ത്രി അറിയിച്ചത്. ഗൾഫ് ഐക്യത്തിനും അറബ് ഐക്യദാർഢ്യത്തിനും ഒപ്പമല്ല തങ്ങൾ എന്ന് ഒരിക്കൽ കൂടി ഖത്തർ ആവർത്തിക്കുകയാണ് ഇതിലൂടെ ചെയ്തത്. സമാപന പ്രഖ്യാപനത്തിലുള്ള വിയോജിപ്പ് അറിയിച്ച് അറബ് ലീഗിന് ഖത്തർ കത്തയച്ചിട്ടുണ്ട്. 
അറബ് ഉച്ചകോടി പ്രഖ്യാപനത്തിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത് ഫലസ്തീൻ പ്രശ്‌നത്തിനാണ്. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ലെന്നും പശ്ചിമേഷ്യൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം ഒഴികെ, ഏകപക്ഷീയമായി അടിച്ചേൽപിക്കുന്ന ഒരു പോംവഴികളും സ്വീകാര്യമല്ലെന്നും ഉച്ചകോടി വ്യക്തമാക്കിയിരുന്നു. എന്നാൽ മേഖലയിലെ പ്രധാന പ്രശ്‌നങ്ങളായ ഫലസ്തീൻ, ലിബിയൻ യുദ്ധം, യെമൻ സംഘർഷം അടക്കമുള്ള പ്രശ്‌നങ്ങൾ മക്ക ഗൾഫ്, അറബ് ഉച്ചകോടികൾ അവഗണിച്ചതായി ഖത്തർ വിദേശ മന്ത്രി വാദിച്ചു. ഇറാനുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിന് സംവാദത്തിന് ഉച്ചകോടികൾ അസ്തിവാരമിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സമാപന പ്രഖ്യാപനങ്ങൾ മുൻകൂട്ടി തയാറാക്കിയതായിരുന്നു. ഇതേക്കുറിച്ച് കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. 
ഇറാനിൽനിന്നുള്ള സമ്മർദമാണ് ഖത്തറിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്ന് ഗൾഫ് വൃത്തങ്ങൾ പറഞ്ഞു. മക്ക ഉച്ചകോടികളിൽ പങ്കെടുത്തത് ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസിർ അൽഥാനിയാണ്. ഖത്തർ ഭരണകൂടത്തിലെ രണ്ടാമനാണ് ഇദ്ദേഹം. എന്നാൽ ഉച്ചകോടികൾ അംഗീകരിച്ച നിലപാടുകളിൽനിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത് ഡെപ്യൂട്ടി പ്രധാനമന്ത്രി കൂടിയായ വിദേശ മന്ത്രിയാണെന്നും ഗൾഫ് വൃത്തങ്ങൾ പറഞ്ഞു.
ഭീകര, തീവ്രവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതായും ഇറാനുമായി അടുത്ത ബന്ധം നിലനിർത്തുന്നതായും കുറ്റപ്പെടുത്തി സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും 2017 ജൂണിൽ ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിഛേദിച്ചിരുന്നു. ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുകൾ വീണിട്ടും കഴിഞ്ഞയാഴ്ച മക്കയിൽ നടന്ന അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികളിലേക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഖത്തറിനെ ക്ഷണിക്കുകയായിരുന്നു.

Latest News