യൂസഫലിക്ക് യു.എ.ഇയില്‍ ആജീവനാന്ത വിസ

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് സാലിം അല്‍ശാംസി എം.എ. യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് കൈമാറുന്നു.

അബുദാബി - യു.എ.ഇയില്‍ കഴിയുന്ന വിദേശ നിക്ഷേപകര്‍ക്കുള്ള സ്ഥിരം വിസ പദ്ധതിയുടെ ഭാഗമായി അനുവദിച്ച പ്രഥമ ഗോള്‍ഡ് റെസിഡന്‍സ് കാര്‍ഡ് മലയാളി വ്യവസായ എം.എ. യൂസഫലിക്ക്. ആദ്യ ഗോള്‍ഡ് കാര്‍ഡ് എം.എ. യൂസഫലിക്ക് അനുവദിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. യു.എ.ഇയിലെ ആജീവനാന്ത വിസയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ. യൂസഫലിക്ക് ലഭിച്ചത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ബ്രിഗേഡിയര്‍ സഈദ് സാലിം അല്‍ശാംസി യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് കൈമാറി. യു.എ.ഇയില്‍ സ്ഥിരം താമസ വിസ അനുവദിക്കുന്ന ആദ്യ ബാച്ചില്‍ പെട്ട 6800 നിക്ഷേപകരില്‍ ആദ്യത്തെയാളായി എം.എ. യൂസഫലി മാറി. ആദ്യ ബാച്ച് ഗോള്‍ഡ് കാര്‍ഡ് ഗുണഭോക്താക്കളായ നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ ആകെ പതിനായിരം കോടി ദിര്‍ഹത്തിലേറെ നിക്ഷേപമുണ്ട്. വ്യവസായികള്‍ക്കും വിവിധ മേഖലകളില്‍ പ്രതിഭകളായ വ്യക്തികള്‍ക്കും അനുവദിക്കുന്ന അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസയില്‍ നിന്ന് വിഭിന്നമായി ഗോള്‍ഡ് കാര്‍ഡ് സ്ഥിരം താമസ വിസയാണ്.
ഇരുനൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ യു.എ.ഇയിലുണ്ട്. ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കിയതിലൂടെ യു.എ.ഇ തങ്ങളുടെ സ്ഥിരവാസ കേന്ദ്രമാക്കി മാറ്റുന്നതിന് ഇവര്‍ക്ക് സാധിക്കും. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും എന്‍ജിനീയറിംഗ്, സയന്‍സ്, കല എന്നീ മേഖലകളിലെ അസാമാന്യ പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും പുതിയ സ്ഥിരം വിസ സമ്പ്രദായം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News