ദുബായ് - വാട്‌സ്ആപ്പിലൂടെ യുവതിയായ സൂഹൃത്തിനെ ഭീഷണിപ്പെടുത്തിയ വിദേശിക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. യുവതിയെ കൊല്ലുമെന്നായിരുന്നു ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന 39കാരന്റെ ഭീഷണി. ആറ് മാസത്തെ ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.
പൊലീസില്‍ പരാതി നല്‍കുന്നതിന് ഏഴ് മാസം മുന്‍പാണ് പ്രതിയെ താന്‍ പരിചയപ്പെടുന്നതെന്ന് യുവതി പറഞ്ഞു. സഹോദരന്റെ സുഹൃത്ത് എന്ന രീതിയിലാണ് പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. ടാക്‌സി ഡ്രൈവറായ ഇയാള്‍ ഇടയ്ക്ക് തന്നെ വാഹനത്തില്‍ കൊണ്ടു പോകുമായിരുന്നുവെന്നും യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞു.
പിന്നീട് ഇയാള്‍ യുവതിയുടെ കൈയില്‍ നിന്ന് 2500 ദിര്‍ഹം കടമായി വാങ്ങി. സഹോദരനില്‍ നിന്ന് 2000 ദിര്‍ഹവും വാങ്ങിയിരുന്നു. മൂന്ന് മാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പണം തിരികെ നല്‍കാം എന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ യുവതി ഇക്കാര്യം ചോദിച്ചതാണ് ഇയാളെ പ്രകോപിച്ചത്. പിന്നീട് ഇയാള്‍ യുവതിയ്ക്ക് വാട്‌സ്ആപ് വഴി നിരവധി ഭീഷണി സന്ദേശങ്ങളയച്ചു. കൊല്ലുമെന്നായിരുന്നു ഇതിലധികവും.മെസേജുകള്‍ സഹിതം യുവതി പരാതി നല്‍കിയതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന്‍ അധികൃതര്‍ക്ക് മുന്നില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ അയച്ച മെസേജുകള്‍ വിവര്‍ത്തനം ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണയ്‌ക്കൊടുവില്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.