പശു സംരക്ഷണ വാദികളുടെ ആക്രമണവും പശു സംരക്ഷണ നിയമങ്ങളും ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി കുറയ്ക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് വാച്ച് നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചതെന്ന് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ബീഫ് നിരോധനമൊക്കെ ജനത്തെ പറ്റിക്കാൻ. ഒന്നാം മോഡി സർക്കാരിന്റെ ഭരണ കാലയളവിൽ ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി വർധിച്ചുവെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ തന്നെ അഗ്രികൾച്ചറൽ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഈ അതോറിറ്റി. ഇന്ത്യയുടെ ആഭ്യന്തര രംഗം ആകെ കലാപ കലുഷിതമാക്കിയ ബീഫ് ആണ് ഇന്ത്യയുടെ കയറ്റുമതിയിൽ പോയ വർഷങ്ങളിൽ ശ്രദ്ധേയമായി മാറിയ ഇനം.
ബീഫ് കച്ചവടവും കയറ്റുമതിയും മുഖ്യമായും ചില മതവിഭാഗങ്ങളിൽ നിക്ഷിപ്തമാണ്. ബീഫിന്റെ പേരിൽ ഹിന്ദുത്വ സംഘടനകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷത്തിന് നേരെ ആക്രമണം നടത്തുന്ന വേളയിൽ തന്നെയാണ് ബീഫ് കയറ്റുമതി രാജ്യത്ത് നിന്ന് വർധിച്ചുവെന്ന കണക്കുകളും പുറത്തു വന്നിരിക്കുന്നത്. 2014 ൽ മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബീഫ് കയറ്റുമതി ഓരോ വർഷവും വർധിച്ചുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.
2013 - 14 കാലയളവിൽ 13,65,643 മെട്രിക് ടൺ ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി. മോഡി സർക്കാർ അധികാരത്തിലെത്തിയ 2014 - 15 കാലയളവിൽ ഇത് 14, 75,540 മെട്രിക് ടൺ ആയി ഉയർന്നു. പത്ത് വർഷത്തെ ഏറ്റവും ഉയർന്ന കയറ്റുമതി ആയിരുന്നു ഇത്. 2018 ലാകട്ടെ, ഇത് 19,00,000 മെട്രിക് ടൺ ആയിരുന്നു. ലോകത്തെ ബീഫ് കയറ്റുമതി വിഹിതത്തിൽ ബ്രസീലിനു തൊട്ടു പിന്നിലാണ് ഇന്ത്യ. ഓസ്ട്രേലിയയും യു.എസുമാണ് ഇന്ത്യക്കു പിന്നിൽ. ലോകത്തെ ബീഫ് കയറ്റുമതിയുടെ 66 ശതമാനം കൈയേൽക്കുന്നത് ഈ രാജ്യങ്ങൾ തന്നെയാണ്.
ആദ്യ മോഡി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പശുസംരക്ഷണ വാദികളുടെ ആൾക്കൂട്ട ആക്രമണം വ്യാപകമായത്. 2015 സെപ്തംബറിലാണ് യു.പിയിലെ ദാദ്രിയിൽ അഖ്ലാഖ് എന്ന വൃദ്ധനെ ബീഫിന്റെ പേരിൽ അടിച്ചുകൊന്നത്.
അഖ്ലാഖ് സംഭവത്തിന് ശേഷം കയറ്റുമതിയിൽ അൽപം കുറവുണ്ടായി. എന്നാൽ തൊട്ടടുത്ത വർഷം വീണ്ടും വർധിക്കുകയായിരുന്നു. പിന്നീടുള്ള വർഷങ്ങളിലും കയറ്റുമതി വർധിച്ചുവെന്ന് കണക്കുകൾ പറയുന്നു. 2016 - 17 വർഷത്തേക്കാളും 1.3 ശതമാനം കയറ്റുമതി തൊട്ടടുത്ത സാമ്പത്തിക വർഷം വർധിച്ചു.
പശു സംരക്ഷണവാദികളുടെ ആക്രമണവും പശു സംരക്ഷണ നിയമങ്ങളും ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി കുറയ്ക്കുമെന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് വാച്ച് നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചതെന്ന് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കയറ്റുമതി വർധിച്ചെങ്കിലും വില കുറഞ്ഞു. ആഗോള തലത്തിൽ ബീഫ് വില കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കയറ്റുമതി വർധിച്ചപ്പോൾ വില കുറഞ്ഞുവെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ സി.ഇ.ഒ അജയ് സഹായ് പറയുന്നു. എന്നാൽ വൻതോതിലുള്ള വില കുറവ് ഉണ്ടായിട്ടില്ല.
ആഭ്യന്തരമായി ബീഫ് നിരോധനവും സംഘർഷവും മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയുമാണ് ബുദ്ധിമുട്ടിലാക്കുന്നത്. അതായത് ഇവർ തന്നെ സാമ്പത്തികമായി ഏറെ പിന്നിലുള്ളവരാണ്. ഇവരുടെ ജീവസന്ധാരണത്തെ തന്നെ നിരോധനവും നടപടികളും ആൾക്കൂട്ട ഹത്യകളും താറുമാറിലാക്കി. അതേ സമയം കയറ്റുമതി നിയന്ത്രിക്കുന്നത് മുൻനിരക്കാരാണ്. അതിൽ തന്നെ പല മതവിഭാഗക്കാരുമുണ്ട്. മോഡി സർക്കാരിന്റെ നയവൈകല്യം വ്യക്തമാക്കുന്നതാണ് ഈ വ്യാപാരത്തിലെ പുരോഗതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വൻകിടക്കാരന് ലാഭവും പാവപ്പെട്ടവന് കണ്ണീരും എന്ന നിലയിൽ കാർഷിക മേഖലയോടു കാട്ടുന്ന അതേ നയവൈകല്യം തന്നെയാണ് ഇതിലും വ്യക്തമാകുന്നത്.






