പ്രചരിക്കുന്നത് അഭ്യൂഹം; ഈദ് ബിരിയാണി പരിശോധിക്കാന്‍ നിര്‍ദേശമില്ല

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍

ന്യൂദല്‍ഹി- ഈദ് ദിനത്തില്‍ മുസ്ലിം വീടുകളില്‍ പാകം ചെയ്യുന്ന ബിരിയാണി പരിശോധിച്ച് ബീഫില്ലെന്ന് ഉറപ്പാക്കണമെന്ന് ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടതായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം.

എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് പോലീസും സംസ്ഥാനത്തെ ഗോ രക്ഷാ സംഘടനകളും അറിയിച്ചു.

ഗോ രക്ഷാ ഗ്രൂപ്പുകള്‍ക്ക് വേണ്ടി പോലീസ് മുസ്ലിം വീടുകള്‍ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതായുള്ള വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത്.

ഹരിയാനയിലെ ഗുരുഗ്രാമില്‍ യുവാവിനെ കൊണ്ട് ജയ് ശ്രീ രാം വിളിപ്പിച്ചത് കഴിഞ്ഞയാഴ്ച വിവാദമായിരുന്നു. ആരും തന്നെ ബീഫ് ബിരിയാണി പാകം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടുവെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

ബിരിയാണി രുചിച്ചു നോക്കിയോ പാകം ചെയ്ത പാത്രങ്ങള്‍ പരിശോധിച്ചോ ബീഫല്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിന് നിര്‍ദേശം ലഭിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളല്‍ പറയുന്നു. ഹരിയാന ഗോ സേവാ ആയോഗിന്റെ അഭ്യര്‍ഥന പ്രകാരമാണിതെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇങ്ങനെയൊരു ഉത്തരവ് നിലവിലില്ലെന്ന് ഗ്രൂപ്പിന്റെ മുതിര്‍ന്ന അംഗം ഡോ. രാജ് സെയ്‌നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാദ ഉത്തരവ് അഭ്യൂഹം മാത്രമാണെന്ന് ഹരിയാന പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹരീഷ് ഭരദ്വാജും പറഞ്ഞു.

 

Latest News