ദുബായ്- ഗൾഫ് വിമാനക്കമ്പനികൾ ഖത്തറിൽ നിന്ന് സർവീസ് നിർത്തിവെച്ചതോടെ ഖത്തറിൽ നിന്ന് നാട്ടിലെത്താൻ പ്രയാസപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടുന്നു. ദോഹയിലേക്കും തിരിച്ചും അധിക വിമാന സർവീസ് ഏർപ്പെടുത്തി പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രം വിഛേദിച്ചതോടെയാണ് ഖത്തറിൽ നിന്ന് നാട്ടിലെത്താൻ യാത്രാ സൗകര്യമില്ലാതെ ഇന്ത്യക്കാർ കഷ്ടപ്പെടുന്നത്.
ജൂൺ 25 മുതൽ ജൂലൈ എട്ടു വരെയുള്ള കാലയളവിൽ ദോഹയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്ക് അധിക സർവീസ് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യോമഗതാഗത മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധി വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഖത്തറിൽ 6,50,000 ത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. നിർമാണം, എണ്ണ, മെഡിക്കൽ, വിദ്യാഭ്യാസം, ബാങ്ക് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടാണ് എല്ലാവരും ജോലി ചെയ്യുന്നത്.






