യുവതിയെ വെട്ടിക്കൊന്ന കേസിൽ  ഭർത്താവ് അറസ്റ്റിൽ

തളിപ്പറമ്പ്- ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിപ്പറമ്പ് കടമ്പേരിയിലെ രേഷ്മയെ(36) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എ.സന്തോഷിനെ(38)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ രാത്രിയാണ് സന്തോഷ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രേഷ്മ പിന്നീട് മരിച്ചു. സന്തോഷിനെ പോലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. 
കടമ്പേരി സി.ആർ.സി വായനശാലക്കടുത്ത വീട്ടിൽ വെച്ചാണ് യുവതിയെ വെട്ടിയത്. കണ്ണൂർ കാപ്പാട് സ്വദേശിനിയാണ് രേഷ്മ. മാതാപിതാക്കൾ നേരത്തെ നഷ്ടപ്പെട്ട രേഷ്മയെ അഞ്ചു വർഷം മുമ്പാണ് സന്തോഷ് വിവാഹം ചെയ്തത്. ആ സമയത്ത് സന്തോഷ് ഗൾഫിലായിരുന്നു. ഒരു വർഷം മുമ്പ് നാട്ടിൽ മടങ്ങിയെത്തിയ പ്രതി, സ്വകാര്യ ബസിൽ ക്ലീനറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിനു കാരണം. രണ്ടു വർഷത്തിലേറെയായി ഇവർ തമ്മിൽ പിണക്കത്തിലായിരുന്നു. രേഷ്മ, ഭർതൃവീട്ടിലും സന്തോഷ് വാടക വീട്ടിലും സഹോദരിയുടെ വീട്ടിലുമായിട്ടായിരുന്നു താമസം. കഴിഞ്ഞ രാത്രി കൊടുവാളുമായി വീട്ടിലെത്തിയ യുവാവ് ഭാര്യയുടെ കഴുത്തിനു വെട്ടുകയായിരുന്നു. 
വിവാഹ ബന്ധം ഒഴിയണമെന്നാവശ്യപ്പെട്ട് സന്തോഷിന്റെ ബന്ധുക്കൾ ഏറെ നാളായി യുവതിയെ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നു. എന്നാൽ രേഷ്മ നാട്ടിലെ സി.പി.എം നേതൃത്വത്തെ സമീപിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി നേതൃത്വം ചർച്ച നടത്തുകയും നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമേ ബന്ധം ഒഴിയേണ്ടതുള്ളൂ എന്ന് നിർദേശം നൽകുകയുമായിരുന്നു. എന്നാൽ ഭാര്യയെ കൊലപ്പെടുത്തണമെന്ന് നിശ്ചയിച്ച പ്രതി, ഇതിനായി ആയുധമടക്കം വാങ്ങി വെച്ചിരുന്നു. കണ്ണൂർ കാപ്പാട്ടെ പുതിയാണ്ടി വീട്ടിൽ പരേതരായ രാഘവൻ-ശാന്ത ദമ്പതികളുടെ ഏക മകളാണ് രേഷ്മ. രേഷ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. സന്തോഷിനെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
 

Latest News