Sorry, you need to enable JavaScript to visit this website.

സൗദിക്കെതിരായ ആക്രമണം ഇസ്ലാമിക ലോകത്തെ മുഴുവന്‍ ബാധിക്കും- ഒ.ഐ.സി

മക്ക - സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ ഇസ്ലാമിക ലോകത്തെ മുഴുവന്‍ ബാധിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്ന ഹൂത്തി മിലീഷ്യയെ അദ്ദേഹം അപലപിച്ചു. ഒ.ഐ.സി, യു.എന്‍ ചാര്‍ട്ടറുകള്‍ക്ക് അനുസൃതമായി, സ്വയം പ്രതിരോധത്തിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവന്‍ നടപടികള്‍ക്കും ഒ.ഐ.സി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
 
മക്കയും ഹറമും ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകള്‍ മിസൈലുകള്‍ തൊടുത്തുവിടുന്നു. ജനങ്ങളുടെ സുരക്ഷക്കും രാജ്യങ്ങളുടെ ഭദ്രതക്കും മേഖലയുടെ താല്‍പര്യങ്ങള്‍ക്കും ഭീഷണിയായ വെല്ലുവിളികള്‍ ചെറുക്കുന്നതിന് ശക്തമായ ഇസ്ലാമിക ഐക്യത്തിന് ശ്രമം തുടരണം. ഭീകരതയും തീവ്രവാദവുമാണ് ഇസ്ലാമിക് ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം.
മേഖലയിലും ലോകത്തും സുരക്ഷാ ഭദ്രത തകര്‍ക്കാന്‍ ഭീകരരും തീവ്രവാദികളും കാത്തിരിക്കയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലാന്റില്‍ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ 50 നിരപരാധികള്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയില്‍ എണ്ണ പമ്പിംഗ് നിലയങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളിലൂടെ ലോക രാജ്യങ്ങളുടെ താല്‍പര്യങ്ങളും എണ്ണ ലഭ്യതയുമാണ് ലക്ഷ്യമിട്ടത്. യു.എ.ഇ തീരത്തു വെച്ച് നാലു എണ്ണ കപ്പലുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഈ ഭീകരാക്രമണങ്ങളെ ഒ.ഐ.സി അപലപിക്കുന്നു.

ഫലസ്തീനും വിശുദ്ധ ജറൂസലവും വെല്ലുവിളികള്‍ നേരിടുന്ന സങ്കീര്‍ണമായ സാഹചര്യത്തിലാണ് ഇസ്ലാമിക് ഉച്ചകോടി ചേര്‍ന്നത്. യു.എന്‍ തീരുമാനങ്ങള്‍ ചവിട്ടിമെതിച്ച് മസ്ജിദുല്‍ അഖ്സക്കെതിരെ ആക്രമണങ്ങള്‍ നടത്തിയും ഫലസ്തീനികള്‍ക്കെതിരെ ശത്രുതാപരമായ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയും ഫലസ്തീന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇസ്രായില്‍ കൊട്ടിയടക്കുകയാണ്.

അറബ് സമാധാന പദ്ധതിയും ദ്വിരാഷ്ട്ര പരിഹാരമെന്ന കാഴ്ചപ്പാടും കൂടി കണക്കിലെടുത്തുള്ള ചര്‍ച്ചകളിലൂടെ നീതിപൂര്‍വവും സമഗ്രവുമായ സമാധാനമാണ് ഫലസ്തീന്‍ പ്രശ്നത്തിലുണ്ടാകേണ്ടത്.
യു.എന്‍ തീരുമാനങ്ങള്‍ക്കനുസൃതമായി 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍, കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരണമെന്നും ഒ.ഐ.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.  

 

Latest News