കര്‍ണാടകയില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; കോണ്‍ഗ്രസിന് മുന്നേറ്റം

ബംഗളൂരു- കര്‍ണാടകയിലെ നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനു വന്‍ മുന്നേറ്റം. ലഭ്യമായ ഫലങ്ങളനുസരിച്ച്  കോണ്‍ഗ്രസ് 509 സീറ്റുകളിലും ജെ.ഡി.എസ് 173 സീറ്റുകളിലും ബി.ജെ.പി 366 സീറ്റുകളിലുമാണ് വിജയിച്ചത്.
സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  28 ല്‍ 25 സീറ്റുകളും നേടിയ ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സിറ്റി മുനിസിപ്പാലിറ്റികളിലും ടൗണ്‍ മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയപ്പോള്‍ ടൗണ്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബി.ജെ.പി പിടിച്ചു നിന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ 29 നായിരുന്നു കര്‍ണാടകയില്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. എട്ട് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളിലും 33 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലുകളിലും 22 ടൗണ്‍ പഞ്ചായത്തുകളിലെ 1361 വാര്‍ഡുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.
ഏഴ് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലെ 217 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 90 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. 56 സീറ്റുകളില്‍ ബി.ജെ.പിയും 38 സീറ്റുകളില്‍ ജെ.ഡി.എസും ജയിച്ചു. ബി.എസ്.പി രണ്ട് സീറ്റുകളിലും കക്ഷിരഹിതര്‍ 25 സീറ്റിലും മറ്റുള്ളവര്‍ ആറ് സീറ്റിലും വിജയിച്ചു.
ടൗണ്‍ മുനിസിപ്പാലിറ്റിയിലെ 322 സീറ്റില്‍ കോണ്‍ഗ്രസും 184 സീറ്റില്‍ ബി.ജെ.പിയും 102 സീറ്റില്‍ ജെ.ഡി.എസും ജയിച്ചു.

 

Latest News