രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്; വകുപ്പുകള്‍ നിശ്ചയിച്ചേക്കും

ന്യൂ ദല്‍ഹി - സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. വൈകിട്ട് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ 57 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ ആഘോഷച്ഛായയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അധികാരമേറ്റത്. ഇതില്‍ 25 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറെ ശ്രദ്ധേയം. 37 മന്ത്രിമാര്‍ 'ടീം മോഡി'യില്‍ നിന്ന് പുറത്തായിട്ടുമുണ്ട്്. മോഡിയുടെ വിശ്വസ്ത 'കാവല്‍ക്കാരനും' എന്‍.ഡി.എ വിജയത്തിന്റെ ശില്‍പിയുമായ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് ഇന്നലെ അധികാരമേറ്റ മന്ത്രിമാരില്‍ ഏറ്റവും പ്രമുഖന്‍. അമിത് ഷാ ഏതു വകുപ്പ് കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ലെങ്കിലും ആഭ്യന്തരം, ധനകാര്യം പോലുള്ള ഏറ്റവും സുപ്രധാനമായ വകുപ്പുകളാകുമെന്ന് ഉറപ്പാണ്. രാജ്‌നാഥ് സിങ്, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി എന്നിവര്‍ക്കും പ്രമുഖ വകുപ്പുകള്‍ തന്നെ ലഭിക്കും. മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഏറ്റവും ആശ്ചര്യമുണ്ടാക്കിയ മന്ത്രിസഭാ വാര്‍ത്ത.

മുന്‍ സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് രണ്ടാം മോഡി സംഘത്തില്‍ ഇടംപിടിച്ചില്ലെന്നത് കൗതുകകരമാണ്. സുഷമയ്‌ക്കൊപ്പം സുരേഷ് പ്രഭു, മനേക ഗാന്ധി, ഉമാ ഭാരതി, മഹേഷ് ശര്‍മ, രാധാ മോഹന്‍ സിങ്, രാജ്യവര്‍ദ്ധന്‍ രാത്തോഡ്, ജയന്ത് സിന്‍ഹ അടക്കം 36 മന്ത്രിമാരും സംഘത്തില്‍ നിന്നു പുറത്തായി.

കാബിനറ്റ് പദവിയുള്ള 24 പേരും സ്വതന്ത്ര ചുമതലയുള്ള ഒന്‍പത് സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് പുതിയ മന്ത്രിസഭയിലുള്ളത്. ജെ.ഡി(യു)വിന്റെ നിതീഷ് കുമാര്‍ മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ചപ്പോള്‍ യു.പിയിലെ സഖ്യകക്ഷി അപ്‌നാ ദളിന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചതുമില്ല.
 

Latest News