മക്ക- സുരക്ഷ തകര്‍ക്കാനും ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഇറാന്റെ നടപടികളെ അറബ്, മുസ്ലിം രാഷ്ട്രത്തലവന്മാര്‍ ശക്തിയായി അപലപിച്ചു. ഇറാന്‍ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് മക്കയില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്താനും വാഗ്ദാനങ്ങള്‍ പാലിക്കാനും ഇറാന്‍ തയാറാകണമെന്ന് രാഷ്ട്രത്തലവന്മാര്‍ മക്ക പ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കാനും അടിയന്തര ഉച്ചകോടി വിളിക്കാനും കാരണമായ, യു.എ.ഇ തീരത്ത് നാല് എണ്ണക്കപ്പലുകള്‍ക്കുനേരെ നടന്ന ആക്രമണത്തെ നേതാക്കള്‍ അപലപിച്ചു. ആണവായുധശേഷി കൈവരിക്കുന്നതില്‍നിന്ന് ഇറാനെ അന്താരാഷ്ട്ര സമൂഹം തടയണമെന്നും ഉച്ചകോടിയുടെ അന്തിമ കമ്മ്യൂണിക്കെയില്‍ ആവശ്യപ്പെട്ടു.
സിറിയന്‍ ഐക്യം തകര്‍ത്തുകൊണ്ടുള്ള ഇറാന്‍ ഇടപടെലിനെ ഉച്ചകോടി അപലപിച്ചു. സൗദി അറേബ്യക്കുനേരെ ഇറാന്‍ മിസൈലുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണം, ബഹ്‌റൈനില്‍ ഭീകര സംഘനടകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ, യു.എ.ഇക്ക് അവകാശപ്പെട്ട മൂന്ന് ദ്വീപുകളിലെ ഇറാന്‍ അധിനിവേശം എന്നിവയേയും ഉച്ചകോടി ശക്തിയായി അപലപിച്ചു.