മക്കയില്‍ ഷട്ടില്‍ ബസ് സര്‍വീസുകള്‍ നാല് കോടി പേര്‍ ഉപയോഗിച്ചു

മക്ക- വിശുദ്ധ റമദാനിൽ ഇതുവരെയുള്ള ദിവസങ്ങളിൽ മക്കയിൽ ബസ് ഷട്ടിൽ സർവീസുകളിൽ വിശുദ്ധ ഹറമിലേക്കും തിരിച്ചും 3.98 കോടി പേർക്ക് യാത്രാ സൗകര്യം ലഭിച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ശഅ്ബാൻ 30 മുതൽ റമദാൻ 23 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർക്ക് ഹറമിലേക്കും തിരിച്ചും ബസുകളിൽ യാത്രാ സൗകര്യം ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ബസ് സർവീസുകൾ പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 7.7 ശതമാനം വർധനവുണ്ട്. മക്കയുടെ പ്രവേശന കവാടങ്ങളിലെ പാർക്കിംഗുകളിൽ പതിനാറു ലക്ഷത്തിലേറെ കാറുകൾ ഇക്കാലത്ത് പാർക്ക് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മക്കയുടെ പ്രവേശന കവാടങ്ങളിലെ പാർക്കിംഗുകളിൽ നിർത്തിയിട്ട കാറുകളുടെ എണ്ണത്തിൽ 4.11 ശതമാനം വർധനവുണ്ട്. 
അജ്‌യാദ് അൽ മസാഫി പാർക്കിംഗിൽ 62 ലക്ഷത്തിലേറെ പേർക്കും ബാബു അലി ചത്വരത്തിൽ 40 ലക്ഷത്തിലേറെ പേർക്കും കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റ് ബസ് സ്റ്റേഷനിൽ 22.25 ലക്ഷം പേർക്കും ജർവൽ ബസ് സ്റ്റേഷനിൽ നിന്ന് 44 ലക്ഷത്തിലേറെ പേർക്കും ജബൽ കഅ്ബ ബസ് സ്റ്റേഷനിൽ നിന്ന് 15.5 ലക്ഷത്തോളം പേർക്കും അജ്‌യാദ് ബസ് സ്റ്റേഷനിൽ നിന്ന് 17 ലക്ഷത്തിലേറെ പേർക്കും ശഅബ് ആമിർ ബസ് സ്റ്റേഷനിൽ നിന്ന് 1.35 കോടിയിലേറെ പേർക്കും രീഅ് ബഖ്ശ് ബസ് സ്റ്റേഷനിൽ നിന്ന് 61 ലക്ഷത്തിലേറെ പേർക്കും ഇരുപത്തിമൂന്നു ദിവസത്തിനിടെ ബസുകളിൽ യാത്രാ സൗകര്യം ലഭിച്ചു.
 

Latest News