ജിദ്ദ - മക്കയിൽ നടക്കുന്ന ഉച്ചകോടികളിൽ ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസിർ ബിൻ ഖലീഫ അൽഥാനി പങ്കെടുക്കുന്നു. ഇന്ന് വൈകീട്ടോടെ ഖത്തർ പ്രധാനമന്ത്രി ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അബ്ദുല്ല ആലം, ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി, മക്ക പ്രവിശ്യ പോലീസ് മേധാവി മേജർ ജനറൽ ഈദ് അൽഉതൈബി, മക്ക പ്രവിശ്യ റോയൽ പ്രോട്ടോകോൾ ഓഫീസ് മേധാവി അഹ്മദ് ബിൻ ദാഫിർ എന്നിവർ ചേർന്ന് ഖത്തർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
രണ്ടു വർഷം മുമ്പ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിച്ച ശേഷം ആദ്യമായാണ് ഉന്നതതല ഖത്തർ സംഘം സൗദിയിലെത്തുന്നത്. പതിനാലാമത് ഇസ്ലാമിക് ഉച്ചകോടി വളരെ നേരത്തെ തീരുമാനിച്ചതാണ്. എന്നാൽ മേഖലയിലെ സംഘർഷങ്ങൾ വിശകലനം ചെയ്യുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഇസ്ലാമിക് ഉച്ചകോടിയോടനുബന്ധിച്ച് അടിയന്തിര ഗൾഫ്, അറബ് ഉച്ചകോടികൾ കൂടി വിളിച്ചുചേർക്കുകയായിരുന്നു. മക്കയിൽ നടക്കുന്ന മൂന്നു ഉച്ചകോടികളിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുക്കുന്നതിന് ഭരണാധികാരികൾ തീരുമാനിക്കുകയായിരുന്നെന്ന് ഖത്തർ വിദേശ മന്ത്രാലയ വക്താവ് ലുലുവ അൽഖാതർ പറഞ്ഞു.






