നാലു വർഷം മുമ്പ് നടന്ന കൊലക്കേസ്  സിപിഎം-സി.എസ്.ഡി.എസ് ഭിന്നതക്ക് ആക്കം കൂട്ടി

മിഥുൻ

കോട്ടയം- നാലു വർഷം മുമ്പ് നടന്ന കൊലക്കേസ് സിപിഎം-സി.എസ്.ഡി.എസ് (ചേരമ സാംബവ വികസന സൊസൈറ്റി) ഭിന്നതയ്ക്ക് ആക്കം കൂട്ടുന്ന വിവാദമായി. ജില്ലയിൽ പലയിടത്തും സിപിഎം-സി.എസ്.ഡി.എസ് ബന്ധം വഷളായിരിക്കേയാണ് പുതിയ വിവാദം. വാഴൂർ പുളിക്കൽ കവയിലെ മിഥുൻ എന്ന യുവാവിന്റെ കൊലപാതകത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി ചേരമ സാംബവ വികസന സൊസൈറ്റി (സിഎസ്ഡിഎസ്) സ്വരൂപിച്ച പണത്തെ ചൊല്ലിയാണ് വിവാദം. കൂടാതെ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മിഥുന്റെ അമ്മ വാഴൂർ പുളിക്കൽ കവല പൂവത്തുംകുഴി പി സി മിനിമോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേ സമയം ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അന്വേഷണം നേരിടാൻ തയാറാണെന്നും സിഎസ്ഡിഎസും അറിയിച്ചു.
മിഥുന്റെ കൊലപാതകത്തെ തുടർന്ന് കുടുംബത്തെ സഹായിക്കാനായി  ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) പിരിച്ച ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന് അമ്മ ആരോപിച്ചു. കഴിഞ്ഞ നാലു വർഷത്തിലേറെയായി മരിച്ചുപോയ മകന്റെ പേരു പറഞ്ഞ് സിഎസ്ഡിഎസ് നേതാക്കൾ പണപ്പിരിവ് നടത്തുകയാണെന്ന് വാഴൂർ പുളിക്കൽകവല പൂവത്തുംകുഴി പി സി മിനിമോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിരിച്ച തുകയിൽ നിന്ന് 50,000 രൂപയാണ് നൽകിയത്. എന്നാൽ പത്ത് ലക്ഷം രൂപയിലേറെ പിരിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നൽകും.
സി.എസ്.ഡി.എസ്  പ്രസിഡന്റ് കെ കെ സുരേഷും ജനറൽ സെക്രട്ടറി സജനും ട്രഷറർ ഷാജിയുമാണ് പണപ്പിരിവിന് നേതൃത്വം നൽകിയത്. സാധാരണ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഇവർ ഏതാനും വർഷം കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തിന്റെ ഉടമകളായതായി മിനിമോൾ പറഞ്ഞു. മൂന്നു സെന്റിലെ ഷീറ്റിട്ട ചെറുവീട്ടിൽ താമസിക്കുന്ന തന്റെ മകന്റെ പേരിൽ പിരിച്ച പണം ഇവർ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചു. ആഡംബര ജീവിതമാണ് ഇവർ നയിക്കുന്നത്. ഇവരുടെ പേരിലാണ് വാഴൂർ എസ്ബിടി ശാഖയിൽ 'മിഥുൻ കുടുംബ സഹായ ഫണ്ടി'ന്റെ അക്കൗണ്ട് തുടങ്ങിയത്. മിഥുന്റെ പേരു പറഞ്ഞ് ആംബുലൻസിനും പണം പിരിച്ചു. ഇപ്പോഴും പണപ്പിരിവ് നടക്കുന്നതറിഞ്ഞ് ഒരു ലക്ഷം രൂപ കടം ചോദിച്ച് സുരേഷിന്റെ വീട്ടിൽ ചെന്നിട്ടും നൽകിയില്ല.
നാലു വർഷം മുമ്പ് 50,000  രൂപ നൽകിയ യോഗത്തിൽ അഞ്ചു ലക്ഷം രൂപ കൂടി നൽകുമെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു. നൽകിയില്ലെന്ന് മാത്രമല്ല; പത്തു ലക്ഷം രൂപ നൽകിയെന്നും തങ്ങളുടെ കുടുംബ ചെലവുകൾ നടത്തുന്നുണ്ടെന്നും പ്രചരിപ്പിച്ച് അപമാനിക്കുന്നു. മൈക്കാട്ട് ജോലിക്ക് പോയി കല്ലു ചുമന്നാണ് ജീവിക്കുന്നത്. മിഥുൻ കൊല്ലപ്പെട്ട കേസ് നടത്തിപ്പിനായി കുറെ പണം ചെലവഴിച്ചുവെന്നാണ് പറഞ്ഞത്. എന്നാൽ ആ കേസ് ഇവരുടെ അറിവോടെ അട്ടിമറിക്കുകയായിരുന്നു. മിഥുന്റെ കൊലപാതക കേസിൽ പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഈ കേസിലെ യഥാർഥ പ്രതികളെ രക്ഷിക്കാനും ഈ നേതാക്കൾ ശ്രമിക്കുന്നു.
സിഎസ്ഡിഎസ് പ്രവർത്തകനായ വാഴൂർ പുളിക്കൽ കവല പൂവത്തുംകുഴി മിഥുൻ 2013 ലാണ് വീടുനടുത്ത് വെട്ടേറ്റ് മരിച്ചത്. തുടർന്നാണ് സിഎസ്ഡിഎസ് എന്ന സംഘടന രൂപം കൊണ്ടതും സജീവമായതും കുടുംബ സഹായമെന്ന നിലയിൽ പണപ്പിരിവിന് തുടക്കമിട്ടതും. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണമെന്നാണ് മിനിമോളുടെ ആവശ്യം. ബന്ധു ജോഷി ജോണും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
2013 മെയ് 26 നാണ് മിഥുൻ കൊല്ലപ്പെട്ടത്. എന്നാൽ യഥാർഥ പ്രതികളെയല്ല കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപം പുറത്ത് നിൽക്കുകയായിരുന്ന മിഥുനെ രാത്രിയിലെത്തി വെട്ടുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനവും ഒരു സംഘം തടഞ്ഞു. 
വാവ എന്ന് വിളിക്കുന്ന ആളാണ് ആക്രമണത്തിന് പിന്നിലെന്ന് മകൻ തന്നോട് പറഞ്ഞിരുന്നു. തങ്ങളിൽ നിന്ന് പോലീസ് വിശദാശംങ്ങൾ ആരായുകയോ മകൻ പറഞ്ഞ കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തുകയോ ചെയ്തില്ല. 
പ്രതിപ്പട്ടികയിൽ ആ പേരില്ലതാനും.  കേസിന്റെ പുരോഗതി അന്ന് ചോദിച്ചിട്ടും പോലീസ് വെളിപ്പെടുത്തിയില്ല. കൊലപാതക കാരണങ്ങളെക്കുറിച്ചും വ്യക്തതയില്ല. ഇക്കാര്യങ്ങളെല്ലാം കാണിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മിനിമോൾ പറഞ്ഞു.

 

Latest News