മക്ക - തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തിലാണ് പുതിയ പദ്ധതി രാജാവ് ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമെന്ന്ന്ന് ചടങ്ങില്‍ സംസാരിച്ച ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു.
തീര്‍ഥാടന കര്‍മം നിര്‍വഹിക്കാന്‍ ആലോചിക്കുന്നതു മുതല്‍ കര്‍മം പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെയുള്ള കാലത്ത് മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടകരുടെ യാത്ര അടക്കം മുഴുവന്‍ കാര്യങ്ങളും എളുപ്പമാക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. യാത്രാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഒരുക്കും. സര്‍വമേഖലകളിലും തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തും.
32 സര്‍ക്കാര്‍ വകുപ്പുകളും നൂറു കണക്കിന് സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം ചാര്‍ട്ടര്‍ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. 130 ലേറെ പദ്ധതികള്‍ ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സമാധാനത്തോടെയും രാജ്യത്ത് എത്തുന്നതിനും തീര്‍ഥാടന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും അവസരമൊരുക്കലാണ് ഏറ്റവും വലിയ സേവനമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.






