Sorry, you need to enable JavaScript to visit this website.

ലീഗുകാർ സ്വന്തം സ്ഥാനാർത്ഥിയെ പോലെ സനേഹിച്ചു- ഉണ്ണിത്താൻ

കൊല്ലം- കാസർകോട് പാർലമെന്റ് മണ്ഡലം 35 വർഷത്തിനുശേഷം പാർട്ടിക്കുവേണ്ടി തിരിച്ചു പിടിക്കാൻ സാധിച്ചതാണ് തനിക്ക് ഏറെ ആത്മസംതൃപ്തി നൽകുന്ന കാര്യമെന്ന് നിയുക്ത കാസർകോട് എം.പി.രാജ്‌മോഹൻ ഉണ്ണിത്താൻ. കൊല്ലം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1984 ൽ ഇന്ദിരയുടെ വധത്തിനുശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽപ്പോലും കാസർകോട് കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 
സി.പി.എം ശക്തിദുർഗ്ഗത്തിൽ ജയിക്കാൻ കഴിഞ്ഞത് കാസർകോട്ടെ സി.പി.എമ്മുകാരും ഇക്കുറി തനിക്ക് വോട്ട് ചെയ്തതുകൊണ്ടാണ്. മുൻ സി.പി.എം എം.പി. പി.കരുണാകരന്റെ ബൂത്തിൽപ്പോലും ലീഡ് ചെയ്തു. മുസ്‌ലിം ലീഗുകാർ തന്നെ സ്വന്തം സ്ഥാനാർഥിയായാണ് കണ്ടതെന്ന് ഉണ്ണിത്താൻ പറഞ്ഞു. 
വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളും ശബരിമല വിഷയവും കേരളത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനും അനുകൂല ഘടകമായി മാറുകയായിരുന്നു. മോഡിയെയും പിണറായിയെയും രാഷ്ട്രീയമായി ശക്തമായി എതിർക്കും. രാഹുൽ ഗാന്ധി പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണം. മോഡി തെരഞ്ഞടുപ്പിൽ വിജയിച്ചെങ്കിലും എല്ലാവരേയും മോഡിക്ക് എല്ലാക്കാലത്തും പറ്റിക്കാനാവില്ലെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. 
അമ്പത് വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള തനിക്ക് തറവാടാണ് കൊല്ലം ഡി.സി.സി ഓഫീസ്. എന്നാൽ ഇനി സ്ഥിരതാമസം കാസർകോട്ടേക്ക് മാറ്റുകയാണ്. അവിടെ രണ്ടിടത്ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എം.പി ഓഫീസ് തുറക്കും. കാസർകോടുകാരുടെ സ്വന്തം എം.പിയായി പ്രവർത്തിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
 

Latest News