Sorry, you need to enable JavaScript to visit this website.

പുതിയ മോഡി മന്ത്രിസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടാവില്ല

ന്യൂദല്‍ഹി- ആരോഗ്യപരമായ അവശതകള്‍ അലട്ടുന്നതിനാല്‍ പുതിയ സര്‍ക്കാരില്‍ ഉത്തരവാദിത്തങളൊന്നും ഏല്‍പ്പിക്കരുതെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതി. ചികിത്സയ്ക്കും വിശ്രമത്തിനും മതിയായ സമയം അനുവദിച്ചു തരണമെന്നും സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നുമാണ് ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണെന്നും ജെയ്റ്റ്‌ലി കത്തില്‍ വ്യക്തമാക്കി. അതേസമയം അനൗദ്യോഗികമായി സര്‍ക്കാരിനും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് വേണ്ടുവോളം സമയമുണ്ടെന്നും ജെയ്റ്റ്‌ലി കത്തില്‍ പറയുന്നു.  

രോഗം കാരണം അവശനായ ജെയ്റ്റ്‌ലി രണ്ടാഴ്ചയോളമായി പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇതിനിടെ പുറത്തു വന്ന ചിത്രങ്ങളില്‍ തീരെ അവശനായാണ് ജെയ്റ്റ്‌ലി കാണപ്പെട്ടത്. മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കഴിഞ്ഞാല്‍ ബിജെപിയില്‍ മൂന്നാമനായ ജെയ്റ്റ്‌ലി ബിജെപിയുടെ തെരഞ്ഞെടുപ്പു ആഘോഷത്തിലും കണ്ടിരുന്നില്ല.
 

Latest News