'ഇന്ത്യന്‍ തൊലിനിറം മതി'; രണ്ടു കോടി രൂപയുടെ പരസ്യ ഓഫര്‍ നടി സായ് പല്ലവി തള്ളി

ഹൈദരാബാദ്- വെളുത്ത തൊലിനിറമാണ് സൗന്ദര്യമെന്ന പൊതുബോധത്തെ പരസ്യമായി വെല്ലുവിളിച്ച അപൂര്‍വം സെലിബ്രിറ്റികളില്‍ ഒരാളാണ് പ്രേമത്തിലൂടെ ദക്ഷിണേന്ത്യയുടെ മനം കവര്‍ന്ന നടി സായ് പല്ലവി. ഈ കാരണം ചൂണ്ടിക്കാട്ടി രണ്ടു കോടി പ്രതിഫലം ലഭിക്കുന്ന ഒരു ഫയര്‍നെസ് ക്രീം കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ താന്‍ തള്ളിക്കളഞ്ഞതായി നടി തന്നെ പറയുന്നു. ഒരു തെലുഗു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് ഇന്ത്യന്‍ നിറമാണെന്നും നാം വിദേശികളെ പോലെ ആകാന്‍ നോക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് ഈ വന്‍ പരസ്യ ഓഫര്‍ നടി വേണ്ടെന്നു വച്ചത്. 'ഇത് ഇന്ത്യന്‍ നിറമാണ്. വിദേശികളുട അടുത്ത് പോയി എന്താണ് അവര്‍ വെളുത്തിരിക്കുന്നത് എന്നു നമുക്കു ചോദിക്കാനാവില്ല. അവരെ നോക്കി നമുക്കും അങ്ങനെ ആകണമെന്ന് ആഗ്രഹിക്കാന്‍ കഴിയില്ല. അതവരുടെ തൊലി നിറമാണ്. ഇത് നമ്മുടേതും. ആഫ്രിക്കര്‍ക്കാര്‍ക്ക് അവരുടെതായ നിറമുണ്ട്. അവരും സൗന്ദര്യമുള്ളവരാണ്,' സായ് പല്ലവി പറഞ്ഞതായി ബിഹൈന്‍ഡ് വൂഡ്‌സ് എന്ന വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്യുന്നു.

ഇത്തരമൊരു പരസ്യത്തില്‍ അഭിനയിച്ച് ലഭിക്കുന്ന ഇത്രയും തുക കൊണ്ട് എന്തു ചെയ്യാനാണെന്നു നടി ചോദിക്കുന്നു. വീട്ടില്‍ പോയി ആകെ മൂന്ന് ചപ്പാത്തിയും ചോറുമാണ് കഴിക്കാറുള്ളത്. കാറില്‍ അല്‍പ്പം ചുറ്റിക്കറക്കവും. മറ്റു വലിയ കാര്യങ്ങളൊന്നും എനിക്കില്ല- നടി പറയുന്നു.
 

Latest News