ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിലും താഴേക്കെന്ന് റിപോര്‍ട്ട്

ന്യൂദല്‍ഹി- 2018-19 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിലും താഴെ ആയേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപോര്‍ട്ട്. നാലാം പാദത്തിലെ മോശം പ്രകടനമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത് 5.9 ശതമാനമെന്ന് താഴ്ന്ന നിരക്കായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക മാന്ദ്യമാണ് വരാനിരിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

സാമ്പത്തിക വളര്‍ച്ചാ നിരക്കിലുള്ള മന്ദഗതി കാരണം വരാനിരിക്കുന്ന ദ്വൈമാസ ധനനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 0.50 ശതമാനം വരെ നിരക്ക് കുറച്ചേക്കാമെന്നാണ് റിപോര്‍ട്ട് പറയുന്നത്.

നേരത്തെ പുറത്തു വന്ന വിവരങ്ങള്‍ക്കു വിരുദ്ധമായി 2018-19 മുഴു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.9 ശതമാനം ആയേക്കാം എന്നാണ് എസ്ബിഐ റിപോര്‍ട്ട് പറയുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.
 

Latest News