നിയമം ലംഘിക്കുന്ന ഹജ് സേവന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം പിഴ

മക്ക - നിയമം ലംഘിക്കുന്ന ഹജ് സേവന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം റിയാൽ പിഴ ചുമത്തും. കഴിഞ്ഞയാഴ്ച മന്ത്രിസഭ പാസാക്കിയ ഹജ് സേവന കമ്പനി നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഒരു വർഷം മുതൽ മൂന്നു വർഷം വരെ പ്രവർത്തന വിലക്കേർപ്പെടുത്തുന്നതിനും ലൈസൻസ് റദ്ദാക്കുന്നതിനും നിയമം അനുവദിക്കുന്നുണ്ട്. 
തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിലുള്ള ബാധ്യതകൾ സർവീസ് കമ്പനികൾ പാലിക്കാത്ത നടപടികൾ സ്വീകരിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിന് അവകാശമുണ്ടാകും. മറ്റു കമ്പനികൾ വഴി തീർഥാടകർക്ക് സേവനങ്ങൾ ലഭ്യമാക്കി ഇതിനാകുന്ന ചെലവ് നിയമ ലംഘനം നടത്തുന്ന കമ്പനികളിൽനിന്ന് ഈടാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിയമം ഹജ്, ഉംറ മന്ത്രാലയത്തിന് അവകാശം നൽകുന്നു. 
ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ശേഷി ഉയർത്തൽ, വിദേശ ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെ ജോയിന്റ് സ്റ്റോക്ക് കമ്പനികളാക്കി മാറ്റൽ, ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം വർധിപ്പിക്കൽ, ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ നവീകരിക്കൽ എന്നിവയാണ് നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമം നടപ്പാക്കി മൂന്നു വർഷത്തിനു ശേഷം ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിനും നിയമം അനുമതി നൽകുന്നുണ്ട്. 
വിദേശ തീർഥാടകർക്ക് മക്കയിൽ സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളും മദീനയിൽ സേവനങ്ങൾ നൽകുന്ന അൽഅദില്ല എസ്റ്റാബ്ലിഷ്‌മെന്റുകളും ജോയിന്റ് സ്റ്റോക്ക് കമ്പനികളാക്കി മാറ്റണമെന്ന് നിയമം അനുശാസിക്കുന്നു. നിയമം നടപ്പാക്കി അഞ്ചു വർഷം പിന്നിട്ട ശേഷമല്ലാതെ കമ്പനികളുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്താൻ പാടില്ല. ജോയിന്റ് സ്റ്റോക്ക് കമ്പനികളായി മാറുന്ന സ്ഥാപനങ്ങൾക്ക് നിയമം പ്രാബല്യത്തിൽവന്ന് ഒരു വർഷത്തിനകം കമ്പനികളായി മാറാവുന്നതാണ്. 
ത്വവാഫ കമ്പനികളുടെ പ്രവർത്തന പരിധി മക്കയും പുണ്യസ്ഥലങ്ങളും അൽസമാസിമ കമ്പനിയുടെ പ്രവർത്തന പരിധി മക്കയും യുനൈറ്റഡ് ഏജൻസി കമ്പനികളുടെ പ്രവർത്തന പരിധി എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും അൽഅദില്ല കമ്പനികളുടെ പ്രവർത്തന പരിധി മദീനയുമാണെന്ന് നിയമം വ്യക്തമാക്കുന്നു. നിയമം പ്രാബല്യത്തിൽ വന്ന് ആദ്യത്തെ മൂന്നു വർഷം അധികാര പരിധി അനുസരിച്ച സേവനങ്ങൾ നൽകുന്നതിന് മാത്രമാണ് കമ്പനികൾക്ക് അനുവാദമുണ്ടാവുക. എന്നാൽ ഐ.പി.ഒക്കു മുമ്പുള്ള അവസാനത്തെ രണ്ടു വർഷം മറ്റേതു കമ്പനികളും നൽകുന്ന സേവനങ്ങളും ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കുന്നതിന് കമ്പനികൾക്ക് അനുമതിയുണ്ട്. കമ്പനികൾ ഹജ് തീർഥാടകർക്ക് നൽകുന്ന അടിസ്ഥാന സേവനങ്ങളെ ഹജ്, ഉംറ മന്ത്രാലയം തരംതിരിക്കുകയും ഇവക്ക് നിരക്ക് നിശ്ചയിക്കുന്നതിനുള്ള സംവിധാനം നിർണയിക്കുകയും ചെയ്യും. 
മന്ത്രിസഭ അംഗീകരിച്ച ഹജ് സേവന കമ്പനി നിയമം അനുസരിച്ച നിയമാവലി ഹജ്, ഉംറ മന്ത്രാലയം തയാറാക്കിവരികയാണ്. 23 വകുപ്പുള്ള നിയമം ഔദ്യോഗിക ഗസറ്റിൽ പരസ്യപ്പെടുത്തി മൂന്നു മാസത്തിനുശേഷം നിലവിൽവരും. നിയമം നടപ്പാക്കുന്നതിനുള്ള നിയമാവലി ഇതേ കാലയളവിൽ ഹജ്, ഉംറ മന്ത്രി പ്രഖ്യാപിക്കണമെന്നും നിയമം അനുശാസിക്കുന്നു.
 

Latest News