മകനെ തിരിച്ചു കിട്ടും, 50 ലക്ഷം റിയാല്‍ വേണം ; സഹായം തേടി ഉമ്മ

ഉമര്‍ ഉസ്മാന്‍ ആദം

മക്ക - വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സൗദി യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മാതാവ് ഉദാരമതികളുടെ സഹായം തേടുന്നു. സൗദി യുവാവ് ഉമര്‍ ഉസ്മാന്‍ ആദമിന് ഉപാധികളോടെ മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം സന്നദ്ധത അറിയിച്ചിട്ടുണ്ട്. 50 ലക്ഷം റിയാലാണ് ഇവര്‍ ദിയാധനമായി ആവശ്യപ്പെടുന്നത്. പൗരപ്രമുഖരും ഗോത്രനേതാക്കളും നടത്തിയ മധ്യസ്ഥശ്രമങ്ങളെ തുടര്‍ന്നാണ് യുവാവിന് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം സന്നദ്ധമായത്.
50 ലക്ഷം റിയാല്‍ ആറു മാസത്തിനകം കൈമാറണമെന്ന് ഇവര്‍ ഉപാധിവെച്ചിരുന്നു. ഈ സമയം നേരത്തെ അവസാനിച്ചു. പൗരപ്രമുഖരും മധ്യസ്ഥരും ഇടപെട്ടതിനെ തുടര്‍ന്ന് സമയം നീട്ടിനല്‍കാന്‍ കുടുംബം തയറായി. രണ്ടാമത് അനുവദിച്ച സാവകാശം റമദാന്‍ ഒടുവില്‍ അവസാനിക്കും. തങ്ങള്‍ കിണഞ്ഞുശ്രമിച്ചിട്ടും ദിയാധനം സ്വരൂപിക്കുന്നതിന് സാധിച്ചിട്ടില്ല. ദിയാധനം സമാഹരിക്കുന്നതിന് മക്ക ഗവര്‍ണറേറ്റിന്റെ മേല്‍നോട്ടത്തില്‍ അല്‍റാജ്ഹി ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു.

സൈനിക പരിശീലന കോഴ്‌സില്‍ ചേരുന്നതിനുള്ള ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി റിയാദില്‍ നിന്ന് മക്കയില്‍ മടങ്ങി എത്തിയ ഉടനെയാണ് ഉമര്‍ ഉസ്മാന്‍ ആദം കൊലപാതക കേസില്‍ കുടുങ്ങിയത്. നമസ്‌കാരം നിര്‍വഹിച്ച് മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയ ഉമര്‍ ഉസ്മാന്‍ ആദമും കൂട്ടുകാരനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.  ഇതിനിടെ സമീപത്തെ സ്റ്റാളില്‍ നിന്ന് കൈക്കലാക്കിയ കത്തി കൊണ്ട് ഉമര്‍ ഉസ്മാന്‍ ആദം സുഹൃത്തിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യത്തിനു ശേഷം സുരക്ഷാ വകുപ്പുകള്‍ക്കു മുന്നില്‍ കീഴടങ്ങിയ ഉമര്‍ ഉസ്മാന്‍ ആദമിന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.


 

 

 

Latest News