വംശീയ, വിദ്വേഷ പ്രചാരണം ചെറുക്കണം - സല്‍മാന്‍ രാജാവ്

മക്ക - ഏതു ഉറവിടങ്ങളില്‍ നിന്നായാലും എന്തു ന്യായീകരണത്തിന്റെ പേരിലായാലും ലോകത്ത് വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നത് നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും മിതവാദ മൂല്യങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മക്കയില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് രാജാവിന്റെ ആഹ്വാനം. രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് പ്രസംഗം വായിച്ചത്.
ഇസ്‌ലാം വിശുദ്ധമായ നിയമമാണ്. അല്ലാതെ തോന്നിയ പോലെ സ്വീകരിക്കാവുന്ന അഭിപ്രായമല്ല. മനുഷ്യര്‍ രൂപീകരിക്കുന്ന ഒരു അഭിപ്രായവും പിഴവുകളില്‍ നിന്ന് പരിപൂര്‍ണ മുക്തമല്ല. ശക്തമായ തെളിവുകള്‍ അവലംബിച്ച് പണ്ഡിതന്മാരും ചിന്തകരും എത്തിച്ചേര്‍ന്ന നിഗമനങ്ങളെ വിലമതിക്കുന്നു. ഇവ ഇസ്‌ലാമിക, മാനവിക വൈജ്ഞാനിക മേഖലകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
എല്ലാവിധ തീവ്രവാദത്തെയും ഭീകരവാദത്തെയും അക്രമത്തെയും സൗദി അറേബ്യ അപലപിച്ചിട്ടുണ്ട്. ആശയപരമായും നിശ്ചയദാര്‍ഢ്യത്തോടെയും തീവ്രവാദത്തെയും ഭീകരവാദത്തെയും അക്രമത്തെയും സൗദി അറേബ്യ നേരിട്ടിട്ടുണ്ട്. തീവ്രവാദവുമായും ഭീകരവാദവുമായും അക്രമവുമായും ഇസ്‌ലാമിന് ബന്ധമില്ല. മാനവ സമൂഹങ്ങളിലെല്ലാം നീതിയുടെ മൂല്യങ്ങള്‍ പടര്‍ന്നുപന്തലിക്കണം. എല്ലാവര്‍ക്കുമിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും പ്രചരിപ്പിക്കുന്നതിനുള്ള ദൗത്യം സൗദി അറേബ്യ സ്വയം ഏറ്റെടുത്തിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ അന്താരാഷ്ട്ര കേന്ദ്രങ്ങളും ആഗോള ആശയ വേദികളും സൗദി അറേബ്യ സ്ഥാപിച്ചിട്ടുണ്ട്.
വിവേകത്തിന്റെ യുക്തിയുടെയും ശബ്ദത്തിന് എല്ലാവരും ചെവികൊടുക്കുകയും സഹിഷ്ണുതയുടെയും മിതവാദത്തിന്റെയും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും അനുരഞ്ജന സംസ്‌കാരം ശക്തമാക്കുകയും വേണം. മാനവകുലത്തിന് നന്മകള്‍ പ്രചരിപ്പിക്കുന്ന, മുസ്‌ലിംകള്‍ കാഴ്ചവെക്കുന്ന മികച്ച മാതൃകകള്‍ ലോകത്തിന് ആവശ്യമാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

 

Latest News