മനാമ- കഴിഞ്ഞ വർഷം ഈസ്റ്റ് എക്കാറിനടുത്ത നുവൈദറത്തിൽ അധ്യാപികയുടെ മരണത്തിനിടയാക്കിയ കുഴി ബോംബ് സ്‌ഫോടനത്തിൽ മുഖ്യ പ്രതിക്ക് വധശിക്ഷ. കേസിൽ ഒരാൾക്കു ജീവപര്യന്തവും (25 വർഷം) മറ്റു ഏഴു പേർക്കു മൂന്നു വർഷം വീതം തടവുമാണു ശിക്ഷ. രണ്ടു പ്രതികളുടെ പൗരത്വം റദ്ദാക്കി. തെളിവില്ലാത്തത്തിന്റെ പേരിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വനിതയെ വെറുതെ വിട്ടു.
കഴിഞ്ഞ വർഷം ജൂണിൽ ഈസ്റ്റ് എക്കാറിനു സമീപം ശൈഖ് ജാബർ അൽ അഹ്മദ് അൽ സബാ ഹൈവേയിലായിരുന്നു യു.എസ് നിർമിത കുഴിബോംബ് പൊട്ടി ഫഖ്‌രിയ മുസ്‌ലിം അഹമ്മദ് ഹസൻ (42) എന്ന അധ്യാപിക കൊല്ലപ്പെട്ടത്. തന്റെ മൂന്നു മക്കളോടൊപ്പം കാറോടിച്ച് പോകുകയായിരുന്നു ഇവർ.
ബോംബ് സ്‌ഫോടനത്തെ തുടർന്നുണ്ടായ ചീളുകൾ അധ്യാപികയുടെ തലയിൽ തുളഞ്ഞു കയറി. തുടർന്നു നിയന്ത്രണം വിട്ട കാർ റോഡിനു നടുവിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു വേലിയിൽ ഇടിച്ചു തകർന്നു. മൂന്നു കുട്ടികൾക്കും പരിക്കേറ്റു. സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു സംഘം നടത്തിയ സ്‌ഫോടനത്തിലാണ് അധ്യാപികക്കു ജീവൻ നഷ്ടമായതെന്നു കോടതി വിലയിരുത്തി. ത്വരിത ഗതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇറാനിയൻ റെവല്യൂഷനറി ഗാർഡിൽ നിന്ന് പരിശീലനം ലഭിച്ചതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ആസൂത്രിത കൊലപാതകം, വിദേശ രാജ്യങ്ങളുമായുള്ള ആശയ വിനിമയം, അംഗീകാരമില്ലാത്ത സ്‌ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടേയും ഉപയോഗം, നരഹത്യക്കു കാരണമാകുന്ന വിധത്തിൽ ആയുധങ്ങളുടെ പ്രയോഗം, പൊതുസ്വകാര്യ ഗതാഗതത്തിനുതടസ്സം സൃഷ്ടിക്കൽ, ഭീകര കുറ്റകൃത്യങ്ങൾക്കായി ആയുധസ്‌ഫോടക വസ്തു പരിശീലനം നേടുകയും പ്രയോഗിക്കുകയും ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിരുന്നതെന്നു ഭീകര കുറ്റകൃത്യ പ്രോസിക്യൂഷൻ മേധാവി അഡ്വ.ജനറൽ അഹ്മദ് അൽ ഹമ്മാദി അറിയിച്ചു.






