- ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപെടലുകൾ അംഗീകരിക്കില്ല
മനാമ- കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ദുറാസിൽ പോലീസ് പട്രോൾ സംഘത്തിനു നേരെയുണ്ടായ'ഭീകരാക്രമണത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട പൊലിസുകാരന്റെ കുടുംബത്തെ മന്ത്രിസഭ അനുശോചനം അറിയിച്ചു. അക്രമത്തിൽ രണ്ടു പൊലിസുകാർക്ക് പരിക്കേറ്റിരുന്നു. ഇവർ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും മന്ത്രിസഭ ആശംസിച്ചു. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഈ ക്രൂര കൃത്യത്തിന് തക്കതായ ശിക്ഷ ഉറപ്പു വരുത്തുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
ബഹ്‌റൈനിലെ ആഭ്യന്തര കാര്യങ്ങൾ നേരിടുന്നത് പരമാധികാരത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ദേശീയ സുരക്ഷതെ ബാധിക്കുന്ന ഇടപെടലുകൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി സഭ വ്യക്തമാക്കി. ജിസിസി രാജ്യങ്ങളുടെ പരമാധികാരത്തിൽ അധിഷ്ഠിതമായ വ്യവസ്ഥകളേയും അറബ്, ഇസ്‌ലാമിക പശ്ചാത്തലത്തേയും തള്ളിക്കളയുന്നതാണ് ബഹ്‌റൈനെതിരായ ഇത്തരം നീക്കങ്ങളെന്നും യോഗം വിലയിരുത്തി. രാജ്യത്തിന്റെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ഒരു നീക്കവും ബഹ്‌റൈൻ അംഗീകരിക്കില്ല. രാജ്യത്തിന്റെ സുരക്ഷക്കും സുസ്ഥിരതയക്കും ആഭ്യന്തര സമാധാനത്തിനും ഭംഗം വരുത്തുന്ന ഒരുനീക്കവും അനുവദിക്കില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര യോഗത്തിൽ പ്രധാനമന്ത്രി അമീർ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അധ്യക്ഷത വഹിച്ചു. രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫക്കും ബഹ്‌റൈനി, അറബ്, ഇസ്‌ലാമിക ജനതയക്കും പ്രധാനമന്ത്രി ഈദുൽ ഫിത്തർ ആശംസകൾ നേർന്നു.
രാജാവിന്റെ വിജയകരമായ യു.എ.ഇ സന്ദർശനത്തെ ക്യാബിനറ്റ് പ്രകീർത്തിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ എന്നിവരുമായി ഇരു സഹോദര രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനു വഴിയൊരുക്കുന്ന ചർച്ചകൾ നടത്താൻ കഴിഞ്ഞതായും യോഗം വിലയിരുത്തി.