റിയാദ് - നജ്റാൻ കിംഗ് അബ്ദുല്ല വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം തകർത്തു. ഇന്നലെ രാവിലെ 7.14 ന് ആണ് നജ്റാൻ എയർപോർട്ട് ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ദിവസേന ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ഉപയോഗിക്കു എയർപോർട്ടിനു നേരെ അന്താരാഷ്ട്ര നിയമങ്ങളൊന്നും മാനിക്കാതെയാണ് ഹൂത്തികൾ ആക്രമണത്തിന് ശ്രമിച്ചത്.
സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതിനുള്ള ഹൂത്തികളുടെ ശ്രമം ലക്ഷ്യം കാണില്ല. ഇത്തരം ആക്രമണങ്ങൾക്ക് ഹൂത്തികൾ വലിയ വില നൽകേണ്ടിവരുമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. ഈ മാസം 23 നും നജ്റാൻ എയർപോർട്ട് ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഈ മാസം 21 ന് നജ്റാൻ നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രത്തിനു നേരെയും ഹൂത്തി മിലീഷ്യകൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചിരുന്നു. യെമൻ സംഘർഷം മൂലം അടച്ചിട്ട നജ്റാൻ എയർപോർട്ട് ദീർഘകാലത്തെ ഇടവേളക്കു ശേഷം റമദാൻ ഒന്നിനാണ് വീണ്ടും തുറന്നത്.