കുവൈത്ത് സിറ്റി- ഗൾഫ് മേഖലയിൽ ആസന്നമായ യുദ്ധം ഏതു വിധേനയും ഒഴിവാക്കുന്നതിന് വാഷിംഗ്ടണും തെഹ്‌റാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കുവൈത്ത്. ഇരു കക്ഷികൾക്കുമിടയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അൽജാറുല്ലാഹ് പറഞ്ഞു. ഇതിന്റെ ഭാഗമായി് ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ഈയിടെ തെഹ്‌റാനിലെത്തിയിരുന്നു. യുദ്ധത്തിന് അമേരിക്കയും ഇറാനും ആഗ്രഹിക്കുന്നില്ല എന്നത് ഇരു രാജ്യങ്ങളും വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അനുരഞ്ജന ശ്രമം വിജയിക്കുമെന്നതിൽ തങ്ങൾക്ക് പൂർണ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മക്കയിൽ വിളിച്ചുചേർത്ത മൂന്ന് ഉച്ചകോടികളും ഫലപ്രാപ്തിയിലെത്തുമെന്നതിലും കുവൈത്ത് വിശ്വസിക്കുന്നുവെന്നും ഖാലിദ് അൽജാറുല്ലാഹ് പറഞ്ഞു.