Sorry, you need to enable JavaScript to visit this website.

റോഹിൻഗ്യൻ അഭയാർഥികൾക്കു വേണ്ടി യു.എ.ഇയിൽ സംഭാവന സമാഹരണം

റോഹിൻഗ്യൻ അഭയാർഥികൾക്കുള്ള സംഭാവന സമാഹരണ യജ്ഞത്തെ കുറിച്ച് യു.എ.ഇ റെഡ് ക്രസന്റ് അതോറിറ്റി അധികൃതരായ ഫഹദ് അബ്ദുറഹ്മാനും മഹ്മൂദ് അബ്ദുല്ല അൽജുനൈബിയും അബുദാബിയിൽ പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നു.

അബുദാബി- റോഹിൻഗ്യൻ അഭയാർഥികൾക്കു വേണ്ടി യു.എ.ഇയിൽ സംഭാവന സമാഹരണ യജ്ഞത്തിന് തുടക്കം. ബംഗ്ലാദേശിൽ കഴിയുന്ന പത്തു ലക്ഷത്തിലേറെ വരുന്ന റോഹിൻഗ്യൻ അഭയാർഥികൾക്ക് യു.എ.ഇ റെഡ് ക്രസന്റ് നടത്തുന്ന ദേശീയ സംഭാവന സമാഹരണ യജ്ഞത്തിന്റെ പ്രയോജനം ലഭിക്കും. റോഹിൻഗ്യൻ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിൽ പങ്കാളിത്തം വഹിക്കാൻ രാജ്യത്തെ മുഴുവൻ നിവാസികളെയും ക്ഷണിക്കുന്നതിന് പ്രാദേശിക ടെലിവിഷൻ ചാനലുകളിൽ യജ്ഞം പരസ്യപ്പെടുത്തുന്നുണ്ട്. 
'റോഹിൻഗ്യ സ്ത്രീകൾക്കും കുട്ടികൾക്കും യു.എ.ഇയിൽ നിന്ന്' എന്ന ശീർഷകത്തിലാണ് കാമ്പയിൻ നടത്തുന്നത്. ഭക്ഷണവും മരുന്നും ജലവും വിദ്യാഭ്യാസവും പാർപ്പിടവും ആവശ്യമുള്ള പന്ത്രണ്ടു ലക്ഷം റോഹിൻഗ്യൻ അഭയാർഥികളുണ്ടെന്നാണ് കണക്ക്. ഇക്കൂട്ടത്തിൽ 7,20,000 പേർ കുട്ടികളും 2,40,000 പേർ വനിതകളും 48,000 പേർ വയോജനങ്ങളുമാണ്. അഭയാർഥികളിൽ 6,60,000 കുട്ടികൾക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങളും ശുദ്ധജലവും ഭക്ഷണവും വിദ്യാഭ്യാസ സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2,53,000 വനിതകൾക്ക് ശുദ്ധ ജലവും പര്യാപ്തമായ ഭക്ഷണവും ലഭിക്കുന്നില്ല. 2015 ൽ മ്യാന്മറിൽ നിന്ന് ജനങ്ങൾ കൂട്ടപാലായനം ആരംഭിച്ചതോടെയാണ് റോഹിൻഗ്യ അഭയാർഥി പ്രശ്‌നം ഉടലെടുത്തത്. റാഖയ്ൻ സംസ്ഥാനത്തെ റോഹിൻഗ്യൻ മുസ്‌ലിംകളെ വംശീയ ഉന്മൂലനം ചെയ്യാൻ 2015 ഓഗസ്റ്റ് 25 മുതൽ മ്യാന്മർ സുരക്ഷാ സേനകൾ കാമ്പയിൻ നടത്തിവരികയാണ്. 
കൊലപാതകത്തിൽ നിന്നും കൊള്ളയിൽ നിന്നും മറ്റു പീഡനങ്ങളിൽ നിന്നും ലൈംഗിക അതിക്രമങ്ങളിൽ നിന്നും രക്ഷപ്പെട്ട് ലക്ഷക്കണക്കിന് റോഹിൻഗ്യകളാണ് അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് ഓടിപ്പോയത്. പത്തു ലക്ഷത്തിലേറെ റോഹിൻഗ്യൻ അഭയാർഥികൾ ബംഗ്ലാദേശിലുണ്ട്. ഇവർക്കെല്ലാവർക്കും സഹായം എത്തിക്കേണ്ടതുണ്ട് - യു.എ.ഇ റെഡ് ക്രസന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽഫലാഹി പറഞ്ഞു. മ്യാന്മറിന്റെ വ്യത്യസ്ത അയൽ രാജ്യങ്ങളിൽ കഴിയുന്ന മുഴുവൻ റോഹിൻഗ്യൻ അഭയാർഥികൾക്കും സഹായം എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വർഷങ്ങൾക്കു മുമ്പ് പ്രശ്‌നം ആരംഭിച്ചതോടെ റോഹിൻഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്നു മുതൽ അഭയാർഥികൾക്ക് സാധ്യമായ സഹായങ്ങൾ ചെയ്യുന്നതിന് യു.എ.ഇ റെഡ് ക്രസന്റും ശ്രമം ആരംഭിച്ചു. ഇത്തവണ റോഹിൻഗ്യൻ മുസ്‌ലിം സഹോദരങ്ങളെ സഹായിക്കുന്നതിൽ യു.എ.ഇയിലെ ജനങ്ങളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനും സംഭാവനകൾ സമാഹരിക്കുന്നതിനും യു.എ.ഇ ഗവൺമെന്റ് തീരുമാനിച്ചു. അതുകൊണ്ടാണ് സംഭാവന സമാഹരണത്തിൽ എല്ലാവരുടെയും പങ്കാളിത്തത്തിന് ഈ കാമ്പയിനിലൂടെ അനുവദിക്കുന്നത്. 
നേരത്തെ യു.എ.ഇയിൽ നിന്നുള്ള വ്യത്യസ്ത സംഘടനകൾ റോഹിൻഗ്യൻ അഭയാർഥികൾക്കിടയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സഹായം ആവശ്യമായവരിൽ പരമാവധി എത്തുന്നതിന് യു.എ.ഇയിലെ 20 ജീവകാരുണ്യ സംഘടനകൾ ഒറ്റ സംഘമെന്ന പോലെയാണ് പ്രവർത്തിക്കുന്നത് - ഡോ. മുഹമ്മദ് അതീഖ് അൽഫലാഹി പറഞ്ഞു.
യു.എ.ഇയിൽ നിന്നുള്ള വ്യത്യസ്ത സംഘടനകൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ പ്രവർത്തിക്കുന്നുണ്ട്. യു.എ.ഇ റെഡ് ക്രസന്റ് മാത്രം ഇതിനകം 55 ലക്ഷം ദിർഹം അഭയാർഥികൾക്കിടയിൽ ചെലവഴിച്ചു. ഇതിന്റെ പ്രയോജനം ഏഴു ലക്ഷത്തിലേറെ പേർക്ക് ലഭിച്ചു. യു.എ.ഇ റെഡ് ക്രസന്റ് കിണറുകൾ കുഴിക്കുകയും ശുദ്ധ ജലവും മെഡിക്കൽ സഹായവും ലഭ്യമാക്കുകയും താൽക്കാലിക വീടുകൾ നിർമിച്ചുനൽകുകയും ഭക്ഷണം നൽകുകയും ചെയ്തു. ബംഗ്ലാദേശ് റെഡ് ക്രസന്റുമായും യു.എ.ഇ റെഡ് ക്രസന്റ് സഹകരിച്ചിട്ടുണ്ട് - ഡോ. മുഹമ്മദ് അതീഖ് അൽഫലാഹി പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും യു.എ.ഇ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിന്റെയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന്റെയും നിർദേശാനുസരണമാണ് സംഭാവന സമാഹരണ യജ്ഞം നടത്തുന്നത്.
എക്കാലവും മ്യാന്മറിലെ പാർശ്വവൽക്കരിക്കപ്പെട്ട ന്യൂനപക്ഷമായിരുന്നു റോഹിൻഗ്യകൾ. 2012 ൽ മ്യാന്മറിൽ മുസ്‌ലിം വിരുദ്ധ കലാപത്തോടെയാണ് പുതിയ പ്രതിസന്ധി ആരംഭിച്ചത്. 2015 ൽ മുസ്‌ലിംകൾക്കെതിരായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ വലിയ തോതിലുള്ള തെളിവുകൾ പുറത്തുവന്നതോടെ റോഹിൻഗ്യൻ മുസ്‌ലിംകളുടെ അയൽ രാജ്യങ്ങളിലേക്കുള്ള കൂട്ടപാലായനവും ആരംഭിച്ചു. ആകെ 13 ലക്ഷം ജനസംഖ്യയുള്ള റോഹിൻഗ്യകളിൽ ഒമ്പതു ലക്ഷത്തിലേറെ പേർ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് 2015 മുതൽ പാലായനം ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പേരെ മ്യാന്മറിലെ തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. 2017 മുതൽ ഇതുവരെയുള്ള കാലത്ത് 24,000 ലേറെ പേർ കൊല്ലപ്പെടുകയും 18,000 ലേറെ പേർ ബലാത്സംഗത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 
 

Latest News