ഇടതു വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചു -രമേശ് ചെന്നിത്തല

തിരുവനന്തപും- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും വോട്ടുകൾ ബി.ജെ.പിക്ക് പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ വൻതോതിൽ  വോട്ട്   നഷ്ടമായിരിക്കുന്നത് സി.പി.എമ്മിനും സി.പി.ഐക്കുമാണ്.   ഇങ്ങനെ നഷ്ടപ്പെട്ട വോട്ട് ലഭിച്ചത് ബി.ജെ.പിക്കാണ്. ബി.ജെ.പി വിരുദ്ധ വികാരം ഞങ്ങളാണ്  വളർത്തിയതെന്ന് സി.പി.എം പറയുന്നത് എങ്ങനെ ശരിയാകുമെന്നും ചെന്നിത്തല ചോദിച്ചു. ബി.ജെ.പി വിരുദ്ധ വികാരം ഇടതുമുന്നണി വളർത്തിയപ്പോൾ ഇടതുമുന്നണിയുടെ വോട്ടർമാരെല്ലാം കൂട്ടത്തോടെ ചെന്ന് ബി.ജെ.പിക്ക് വോട്ട്  ചെയ്തുവെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. 
ഇടതു മുന്നണിയുടെ തകർച്ചക്ക് പ്രധാന ഉത്തരവാദി മുഖ്യമന്ത്രി തന്നെയാണ്.   സീതാറാം യെച്ചൂരിയുടെ വഴിയായിരുന്നു ശരിയെന്നും കോൺഗ്രസല്ല, ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്നും കേരളത്തിലെ സി.പി.എം തിരിച്ചറിയണമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം കേരളത്തിലെ മതേതര വിശ്വാസികളുടെ വിജയമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദെമന്യേ എല്ലാ വിഭാഗം ജനങ്ങളും തങ്ങൾക്ക് പിന്തുണക്കാൻ കഴിയുന്ന മുന്നണി യു.ഡി.എഫ്  ആണെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ വിജയം യു.ഡി.എഫിന് കൂടുതൽ ഉത്തരവാദിത്ത ബോധമാണ് നൽകുന്നത്. ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണല്ല കേരളം എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. യു.ഡി.എഫിന്റെ മതേതര ജനാധിപത്യ നിലപാടാണ് അതിന് കാരണം.
1977 ൽ 20 ൽ 20 സീറ്റും ലഭിച്ചുവെങ്കിലും ഇതു പോലെ  ലക്ഷങ്ങളുടെ ഭൂരിപക്ഷം യു.ഡി.എഫ് നേടിയിരുന്നില്ല. ഇത്തവണ ഒൻപത് മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം. അതിൽ തന്നെ വയനാട്ടിൽ ഭൂരിപക്ഷം നാല്  ലക്ഷവും  മലപ്പുറത്ത് രണ്ടു ലക്ഷവും കവിഞ്ഞു.  ഇത് ചരിത്രത്തിലാദ്യമാണ്. 
യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും വോട്ട് നിലയിലുള്ള വ്യത്യാസം ഇത്തവണ 12 ശതമാനമാണ്. ഇതും ചരിത്രത്തിലാദ്യമാണ്. സാധാരണ മൂന്ന് നാല് ശതമാനത്തിനപ്പുറം പോകാറില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട്  ശതമാനമായിരുന്നു രണ്ടു മുന്നണികളും തമ്മിലുള്ള വോട്ട് നിലയിലെ വ്യത്യാസം.  യു.ഡി.എഫ് മുന്നോട്ട് വെച്ച നയങ്ങൾക്കും പരിപാടികൾക്കുമുള്ള അംഗീകാരമാണ്  ഈ തെരഞ്ഞെടുപ്പ്.
 ശബരിമല വിധി വന്നപ്പോൾ അത് സുവർണാവസരമായി കണ്ട് വർഗീയ വികാരമിളക്കി വിട്ട് ജനങ്ങളെ കബളിപ്പിക്കാനാണ്  ബി.ജെ.പി ശ്രമിച്ചത്.  കേരളത്തിലെ വിവേകമതികളായ ജനങ്ങൾ അതു  തള്ളിക്കളഞ്ഞു. ശബരിമല വിധി വന്നപ്പോൾ തിടുക്കം പിടിച്ച് അത് നടപ്പാക്കാൻ ശ്രമിച്ചതിന് പിന്നിൽ മുഖ്യമന്ത്രിക്ക് ദുഷ്ട ലക്ഷ്യമുണ്ടായിരുന്നു.  പ്രശ്നം വഷളാക്കി  അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ്  നടത്താനാണ് സർക്കാർ ശ്രമിച്ചത്. ശബരിമല  വിഷയത്തിൽ  ശരിയായ നിലപാട് എടുത്തത്  യു.ഡി.എഫ് ആണെന്ന് ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു.   2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ  സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതാണ് തെളിയിക്കുന്നത്. എന്നാൽ  ഇക്കാര്യത്തിൽ  ഹീനമായ തന്ത്രങ്ങൾ കൈക്കൊണ്ട ബി.ജെ.പിയെ  ജനങ്ങൾ തള്ളിക്കളഞ്ഞു. കേരളത്തിൽ  ആർ.എസ്.എസിനും ബി.ജെ.പിക്കും വേരുപിടിക്കാൻ കഴിയില്ലെന്ന  വ്യക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത്. 
ശശി തരൂരിന്റെ വമ്പിച്ച വിജയം കേരളത്തിലെ മതേതര മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. അത്  തിരിച്ചറിയാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. ദേശീയ തലത്തിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ വിജയം സഹായിക്കും.  ദേശീയ തലത്തിൽ മോഡിക്കെതിരെ കൂടുതൽ  ശക്തമായി പോരാടാൻ അത് സഹായിക്കും.
ഈ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള അർഹത പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു.  ഇത്തവണ തെരഞ്ഞെടുപ്പിൽ 123  നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിനാണ്  ഭൂരിപക്ഷം കിട്ടിയിരിക്കുന്നത്. ഇപ്പോൾ ഭരണം നടത്തുന്ന ഇടതുമുന്നണിക്ക് 16 സീറ്റിൽ മാത്രമേ  ഭൂരിപക്ഷമുള്ളൂ.  75 സീറ്റുകളിൽ ഇടതു മുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു.   ഇപ്പോൾ ഭരണം നടത്തുന്ന  മന്ത്രിമാരിൽ  16   പേർക്ക്   ജനപിന്തുണ  നഷ്ടപ്പെട്ടിരിക്കുന്നു. ജനപിന്തുണ നഷ്ടപ്പെട്ട  മന്ത്രിസഭയും ജനപിന്തുണ ഇല്ലാത്ത മന്ത്രിമാരുമാണ്  കേരളം ഭരിക്കുന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണനും  ഡെപ്യൂട്ടി  സ്പീക്കർ വി. ശശിയും  അടക്കം  ജനപിന്തുണയില്ലാത്തവരുടെ കൂടാരമായി  ഇടതുമുന്നണി മാറിയിരിക്കുകയാണ്. തരിമ്പെങ്കിലും ധാർമിക ബോധമുണ്ടെങ്കിൽ  ജനപിന്തുണ നഷ്ടപ്പെട്ട ഈ മന്ത്രിസഭ ഉടൻ രാജിവെച്ച് ജനവിധി തേടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Latest News