റിയാദ് - കഴിഞ്ഞ വർഷം സ്വകാര്യ സ്ഥാപനങ്ങളിൽ അര ലക്ഷത്തിലേറെ സൗദി വനിതകൾക്ക് തൊഴിൽ ലഭിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതോടെ സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാരുടെ എണ്ണം 5,50,700 ആയി ഉയർന്നു.
2016 ൽ സ്വകാര്യ മേഖലയിൽ 51,040 സൗദി വനിതകൾക്കാണ് ജോലി ലഭിച്ചത്. 2105 ൽ സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാർ 4,99,600 ആയിരുന്നു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരിൽ അഞ്ചു ശതമാനം സൗദി വനിതകളാണ്. സ്വകാര്യ മേഖലയിൽ 10.77 ദശലക്ഷം തൊഴിലാളികളാണുള്ളത്.
കഴിഞ്ഞ വർഷം സാമൂഹിക, വ്യക്തി സേവന മേഖലയിലാണ് ഏറ്റവും കൂടുതൽ വനിതകൾക്ക് തൊഴിൽ ലഭിച്ചത്. 20,400 സൗദി വനിതകൾക്ക് ഈ മേഖലയിൽ തൊഴിൽ ലഭിച്ചു. ഇതോടെ ഈ മേഖലയിലെ സൗദി ജീവനക്കാരികളുടെ എണ്ണം 1,36,648 ആയി. 2015 ൽ ഈ മേഖലയിൽ 1,16,252 സ്വദേശി വനിതാ ജീവനക്കാരാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഈ മേഖലയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ പതിനെട്ടു ശതമാനം വർധനവുണ്ടായി.
നിർമാണ മേഖലാ സ്ഥാപനങ്ങളിലാണ് സൗദി വനിതകൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത്. 1,65,300 സൗദി വനിതകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാരിൽ 30 ശതമാനവും നിർമാണ മേഖലാ സ്ഥാപനങ്ങളിലാണ്.
ഈ മേഖലയിൽ കഴിഞ്ഞ വർഷം സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവുണ്ടായി. 14,700 സൗദി വനിതകൾക്കാണ് കഴിഞ്ഞ വർഷം ഈ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചത്. 2015 ൽ നിർമാണ മേഖലയിൽ 1,50,600 സൗദി വനിതാ ജീവനക്കാരാണുണ്ടായിരുന്നത്. ഡെക്കറേഷൻ ഡിസൈനിംഗ് അടക്കമുള്ള മേഖലയിലാണ് നിർമാണ കമ്പനികളിലും സ്ഥാപനങ്ങളിലും സൗദി വനിതകൾ ജോലി ചെയ്യുന്നത്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലാ ജീവനക്കാരിൽ 83 ശതമാനം വിദേശികളാണ്. സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാർ 10.77 ദശലക്ഷമാണ്. ഇതിൽ വിദേശികൾ 89.6 ലക്ഷവും സൗദികൾ 18.1 ലക്ഷവുമാണ്. സ്വകാര്യ മേഖലാ ജീവനക്കാരിൽ 81 ശതമാനവും (87.7 ലക്ഷം) വിദേശ പുരുഷന്മാരാണ്. വിദേശ വനിതകൾ രണ്ടു ശതമാനമാണ്. 1,86,000 വിദേശ വനിതകൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. സൗദി പുരുഷ ജീവനക്കാർ 12 ശതമാനവും (12.6 ലക്ഷം) വനിതകൾ അഞ്ചു ശതമാനവും (5.5 ലക്ഷം) ആണ്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ 12.3 ശതമാനമായി വർധിച്ചിട്ടുണ്ട്. 2016 മൂന്നാം പാദത്തിൽ 12.1 ശതമാനവും 2015 ൽ 11.6 ശതമാനവുമായിരുന്നു സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനവും വനിതകൾക്കിടയിലെ തൊഴില്ലായ്മ നിരക്ക് 34.5 ശതമാനവുമാണ്. സൗദിയിൽ സ്വകാര്യ, പൊതുമേഖലകളിൽ ആയി ആകെ 13.9 ദശലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 30.6 ലക്ഷം പേർ സൗദികളാണ്.
രാജ്യത്തെ ആകെ ജീവനക്കാരിൽ സൗദികൾ 22 ശതമാനമാണ്.
2020 ഓടെ തൊഴിലില്ലായ്മ നിരക്ക് ഒമ്പതു ശതമാനമായി കുറക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്വദേശി ജീവനക്കാർക്കിടയിലെ വനിതാ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു.