മർജാൻ ആക്രമണ ശ്രമത്തിന് ഖത്തർ പ്രതിസന്ധിയുമായി ബന്ധമെന്ന് സംശയം 

മർജാനിൽ സൗദി അരാംകോയുടെ എണ്ണപ്പാടത്ത് ഓയിൽ റിഗ്ഗുകൾ.

ദമാം - കിഴക്കൻ പ്രവിശ്യയിലെ മർജാൻ എണ്ണപ്പാടം ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ശ്രമത്തിന് ഖത്തർ പ്രതിസന്ധിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പറഞ്ഞു. ബഹ്‌റൈനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെയും ഇതുമായി കൂട്ടിവായിക്കണം. ഭീകരാക്രമണത്തിലൂടെ എണ്ണയുൽപാദനം തടസ്സപ്പെടുത്തുന്നതിനാണ് ഇറാൻ ബോട്ടുകൾ ശ്രമിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. പ്രതിദിനം മൂന്നു ലക്ഷം ബാരൽ എണ്ണയാണ് മർജാൻ എണ്ണപ്പാടത്ത് ഉൽപാദിപ്പിക്കുന്നത്. സൗദിയിലെ ഏതെങ്കിലും ചില എണ്ണപ്പാടങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതിലൂടെ സൗദിയുടെ എണ്ണ ഉൽപാദനം തടസ്സപ്പെടുത്തുന്നതിന് സാധിക്കില്ല. സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദന ശേഷി 1.2 കോടി ബാരലാണ്. 1967 ലാണ് മർജാൻ എണ്ണപ്പാടം കണ്ടെത്തിയത്. പ്രതിദിനം മൂന്നു ലക്ഷം ബാരൽ എണ്ണ ഇവിടെ ഉൽപാദിപ്പിക്കുന്നു. സൗദിയിലെ ഏറ്റവും വലിയ സമുദ്ര എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. ഇവിടെ 231 കോടി ബാരൽ പെട്രോൾ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. 
ഇറാൻ ബോട്ടുകളുടെ ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയത് സൗദി നാവിക സേനയുടെയും അതിർത്തി സുരക്ഷാ സേനയുടെയും സുസജ്ജതയും ജാഗ്രതയുമാണ് വെളിപ്പെടുത്തുന്നതെന്ന് ഊർജകാര്യ വിദഗ്ധനും ഒപെക്കിലെ മുൻ ഊർജ പഠന വിഭാഗം മേധാവിയുമായ ഡോ. ഫൈസൽ മിർസ പറഞ്ഞു. ഈ സമയത്ത് പെട്രോൾ വ്യവസായ കേന്ദ്രങ്ങൾ ഉന്നമിട്ടുള്ള ആക്രമണങ്ങൾക്ക് പല ലക്ഷ്യങ്ങളുമുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തിൽ സൗദി അറേബ്യയുടെ ശ്രദ്ധ തിരിക്കുന്നതിന് പുതിയ സംഘർഷങ്ങളുടെ മുഖങ്ങൾ തുറക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ഫൈസൽ മിർസ പറഞ്ഞു. 
ഗൾഫ് ഉൾക്കടലിന്റെ മധ്യത്തിലുള്ള ഏറ്റവും വലിയ എണ്ണപ്പാടമായ മർജാൻ എണ്ണപ്പാടം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള ഇറാൻ ശ്രമത്തിന് യാതൊരു ന്യായീകരണവുമില്ലെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. അബ്ദുല്ല അൽമൻസൂരി പറഞ്ഞു. മൂന്നു ബോട്ടുകളാണ് മർജാൻ എണ്ണപ്പാടത്ത് ആക്രമണത്തിന് ശ്രമിച്ചത്. ഇതിൽ ഒരു ബോട്ട് സൗദി നാവിക സേന പിടികൂടി. സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ടിലുണ്ടായിരുന്ന മൂന്നു ഇറാൻ റെവല്യൂഷനറി ഗാർഡ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടു ബോട്ടുകൾ രക്ഷപ്പെട്ടു. 
 

Latest News