അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 23 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി- അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ 23.6 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു യാത്രക്കാരെ കരിപ്പൂര്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് പേരാമ്പ്ര കല്ലോട് മീത്തല്‍ വീട്ടില്‍ റഫീഖ്(38), കോഴിക്കോട് എരയന്നൂര്‍ സ്വദേശി അബ്ദുല്‍ ശുക്കൂര്‍(40) എന്നിവരില്‍നിന്നാണ് 810 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.  
മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. ദേഹ പരിശോധനക്കിടെ സംശയം തോന്നിയ അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. ഇരുവരുടേയും അടിവസ്ത്രത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുക്കൂറില്‍നിന്ന് 466 ഗ്രാം സ്വര്‍ണവും റഫീഖില്‍ നിന്ന് 344 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ശരീരത്തിലും വസ്ത്രത്തിനടിയിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നത് കരിപ്പൂരില്‍ പതിവായിട്ടുണ്ട്. പെട്ടെന്ന് കണ്ടെത്തില്ലെന്ന ധാരണയിലാണ് ഇത്തരത്തിലുളള കളളക്കടത്തെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ദേഹപരിശോധനയില്‍ തന്നെ ഇവ പിടികൂടാനാകും.
കരിപ്പൂര്‍ കസ്റ്റംസ് അസി.കമീഷണര്‍മാരായ എസ്.രൂപേഷ്,ഡി.എന്‍. പാന്ത്, സൂപ്രണ്ടുമാരായ പി.കെ. ഷാനവാസ്, ബി.പി. ദാസ് മാലിക്, ഇന്‍സ്‌പെക്ടര്‍മാരായ അസീബ് ചേന്നാട്ട്, സത്യമേന്ദ്ര സിങ്ങ്, ദിനേഷ് കുമാര്‍, സന്ദീപ് നായര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

 

Latest News