റിയാദ് - അറബ് രാജ്യങ്ങളുടെയും ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷക്ക് ഇറാൻ ഭീഷണി സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുന്നതിന് സാധിക്കില്ലെന്നും മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്‌നി മുബാറക് പറഞ്ഞു. കുവൈത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽഅൻബാ ദിനപ്പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ രാജ്യങ്ങളിൽ നുഴഞ്ഞുകയറുന്നതിനും ഇടപെടുന്നതിനുമാണ് ഇറാൻ ശ്രമിക്കുന്നത്. ഇത് അറബ് ദേശീയ സുരക്ഷക്ക് ഭീഷണിയാണ്. 2011 ൽ പ്രത്യക്ഷപ്പെട്ട അറബ് വസന്തമെന്ന് പേരിട്ട ജനകീയ കലാപങ്ങളുടെ പശ്ചാത്തലം മുതലെടുത്ത് മേഖലയിൽ തങ്ങളുടെ താൽപര്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് ഇറാൻ അടക്കമുള്ള രാജ്യങ്ങൾ പരിശ്രമിക്കുകയായിരുന്നു.
മുൻ ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖാതമിയുടെ കാലത്ത് ഇറാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് താൻ ശ്രമിച്ചിരുന്നു. എന്നാൽ ഇറാനിലെ തീവ്രചിന്താഗതിക്കാർ ഇതിന് തുരങ്കം വെക്കുകയായിരുന്നു. മേഖലയിലെ ഇറാന്റെ വിപുലീകരണ മോഹങ്ങൾ പകൽ പോലെ വ്യക്തമാണ്. ഇതോടൊപ്പം തന്നെ ഇസ്രായിലിന്റെ ഭീഷണിയും ഗൗരവത്തിലെടുക്കണം. ഇറാനും ഇസ്രായിലും പരസ്പരം ആക്രമിക്കില്ല.
ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു മുമ്പ് സദ്ദാം ഹുസൈൻ കുവൈത്തും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്കെതിരെ കർക്കശ ഭാഷയിലാണ് സംസാരിച്ചിരുന്നത്. ഇറാഖിന്റെ കടങ്ങൾ ഗൾഫ് രാജ്യങ്ങൾ എഴുതിത്തള്ളണം എന്നാണ് സദ്ദാം ആഗ്രഹിച്ചിരുന്നത്. ഇതിനു ശേഷമാണ് കുവൈത്ത് അതിർത്തിയിൽ സദ്ദാം ഹുസൈൻ വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചത്. ഈ പശ്ചാത്തലത്തിൽ സദ്ദാം ഹുസൈനെ നേരിട്ട് കണ്ട് ചർച്ച നടത്തുന്നതിന് താൻ ആഗ്രഹിച്ചു. അതിനു മുമ്പായി ഫഹദ് രാജാവ് അയച്ച പ്രത്യേക ദൂതനായ സൗദ് അൽഫൈസൽ രാജകുമാരനുമായും താൻ കൂടിക്കാഴ്ച നടത്തി. ഇറാഖിലെത്തി സദ്ദാം ഹുസൈനുമായി കൂടിക്കാഴ്ച നടത്തിയ താൻ ഏതു പ്രശനങ്ങൾക്കും ചർച്ചകളിലൂടെ പരിഹാരം കാണാൻ സാധിക്കുമെന്ന് പറഞ്ഞു.
കുവൈത്തിനെ ആക്രമിക്കുന്നതിന് താൻ ഉദ്ദേശിക്കുന്നില്ലെന്ന് സദ്ദാം ഹുസൈൻ മറുപടി പറഞ്ഞു. എന്നാൽ ഇക്കാര്യം മറ്റാരോടും പറയരുതെന്നും സദ്ദാം തന്നോട് ആവശ്യപ്പെട്ടു. ഇറാഖിൽ നിന്ന് നേരെ കുവൈത്തിൽ പോയ താൻ എയർപോർട്ടിൽ വെച്ച് കുവൈത്ത് അമീർ ശൈഖ് ജാബിർ അൽഅഹ്മദ് അൽസ്വബാഹുമായി കൂടിക്കാഴ്ച നടത്തുകയും സദ്ദാം സൈനിക നടപടിക്ക് ഉദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. സദ്ദാം ഹുസൈനെ പ്രകോപിപ്പിക്കുന്ന നടപടികളൊന്നും കുവൈത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും താൻ ഉണർത്തി.
ഇതിനു ശേഷം സൗദി അറേബ്യയിലെത്തി ഫഹദ് രാജാവുമായും കിരീടാവകാശിയായിരുന്ന അബ്ദുല്ല രാജകുമാരനുമായും കൂടിക്കാഴ്ച നടത്തുകയും സൗദിയിൽ വെച്ച് ചർച്ച നടത്തുന്നതിന് ഇറാഖികളെയും കുവൈത്തികളെയും ക്ഷണിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തു. ഇതു പ്രകാരം എത്തിയ ഇറാഖ് സംഘത്തിന് പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ധാരണയുണ്ടാക്കുന്നതിന് അധികാരമില്ലായിരുന്നു. ഇറാഖ് സംഘം സൗദി അറേബ്യ വിട്ടയുടൻ ഇറാഖ് സൈന്യം കുവൈത്തിൽ പ്രവേശിച്ചു. ഇത് തന്നിൽ ഞെട്ടലുണ്ടാക്കി. സദ്ദാം ഹുസൈൻ ഇങ്ങിനെ ചെയ്യുമെന്ന് ഒരിക്കലും താൻ സങ്കൽപിച്ചിരുന്നില്ല. ഒരു അറബ് രാജ്യം മറ്റൊരു അറബ് രാജ്യത്തെ കീഴടക്കി തങ്ങളുടെ രാജ്യത്തിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതായിരുന്നില്ല.
ഇറാഖ് കുവൈത്ത് അധിനിവേശം നടത്തുമ്പോൾ യു.എ.ഇ പ്രസിഡന്റ് ശൈഖ് സായിദ് ഈജിപ്തിലായിരുന്നു. ഈജിപ്ഷ്യൻ പ്രസിഡൻഷ്യൽ വിമാനത്തിലാണ് ശൈഖ് സായിദ് അബുദാബിയിലേക്ക് മടങ്ങിയത്. ശൈഖ് സായിദിന്റെ വിമാനത്തിനു നേരെ സദ്ദാം ഹുസൈൻ ആക്രമണം നടത്തിയേക്കുമെന്ന് ഭീതിയുണ്ടായിരുന്നതിലാണ് ഈജിപ്ഷ്യൻ പ്രസിഡൻഷ്യൽ വിമാനത്തിൽ ശൈഖ് സായിദ് മടങ്ങിയതെന്നും ഹുസ്‌നി മുബാറക് പറഞ്ഞു.