അടികിട്ടിയപ്പോള്‍ ബുദ്ധി തെളിഞ്ഞു, പാക് ടീമില്‍ വഹാബും ആമിറും

ലണ്ടന്‍ - ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ തങ്ങളുടെ പെയ്‌സ്ബൗളര്‍മാരെ പതം വരുത്തിയതോടെ പാക്കിസ്ഥാന്‍ ലോകകപ്പ് ടീമില്‍ പരിചയസമ്പന്നരായ കളിക്കാരെ തിരിച്ചുവിളിച്ചു. പ്രാഥമിക പട്ടികയില്‍ തഴഞ്ഞ മൂന്ന് പ്രമുഖ കളിക്കാരെ ലോകകപ്പ് ഉള്‍പെടുത്തി. വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, ആസിഫ്അലി എന്നിവരെയാണ് ടീമിലുള്‍പെടുത്തിയിരിക്കുന്നത്. അഞ്ചു മത്സര പരമ്പര ഇംഗ്ലണ്ട് 4-0 നാണ് ജയിച്ചത്. എല്ലാ കളിയിലും ആതിഥേയര്‍ 340 ലേറെ സ്‌കോര്‍ ചെയ്തു.
വഹാബ് അവസാന ഏകദിനം കളിച്ചിട്ട് രണ്ടു വര്‍ഷമായി. സീസണിന്റെ തുടക്കത്തില്‍ പോലും ഇംഗ്ലണ്ടിലെ പിച്ചുകള്‍ ഇത്രമാത്രം ബാറ്റിംഗ് അനുകൂലമായ സാഹചര്യത്തിലാണ് പുനര്‍വിചിന്തനമെന്നു ചീഫ് സെലക്ടര്‍ ഇന്‍സമാമുല്‍ ഹഖ് വിശദീകരിച്ചു.  
2009 ല്‍ അരങ്ങേറിയ ആമിറിന് ലോകകപ്പില്‍ ഇത് ആദ്യ അവസരമാണ്. ഒത്തുകളി വിലക്ക് കാരണം കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. 
പ്രാഥമിക ടീമിലുണ്ടായിരുന്ന ജുനൈദ് ഖാന്‍, ഫഹീം അശ്‌റഫ്, ആബിദ്അലി എന്നിവര്‍ക്കാണ് സ്ഥാനം പോയത്. ജുനൈദ് ഖാന് മൂന്നാം തവണയാണ് ലോകകപ്പില്‍ കളിക്കാന്‍ അവസരം നഷ്ടപ്പെടുന്നത്. 2011 ല്‍ ടീമിലുണ്ടായിരുന്നുവെങ്കിലും ഒരു കളിയിലും ഇറങ്ങാനായില്ല. 2015 ല്‍ പരിക്കു കാരണം പിന്മാറേണ്ടി വന്നു. 

Latest News